Categories: Main Article

അന്ന് ‘അമേരിക്കന്‍ ചികിത്സ’ വേണ്ടെന്ന് പിബി; ഇന്ന് അമേരിക്കയിലേക്ക് നെട്ടോട്ടം

പഞ്ചാബിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് കാള്‍ ഇ ടെയ്‌ലറെ രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കാള്‍ ഇ ടെയ്‌ലര്‍ക്ക് സിഐഎ ബന്ധമുണ്ടെന്നും സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യാനും പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു.

Published by

അനീഷ് അയിലം

അമേരിക്ക മുതലാളിത്ത രാജ്യമാണ് സിപിഎം പോളിറ്റ് ബ്യൂറോയ്‌ക്ക്. ആ മുതലാളിത്ത വൈരാഗ്യത്താല്‍ നഷ്ടമായതാവട്ടെ രാജ്യത്തിനും കേരളത്തിനും ഏറെ പ്രയോജനം ചെയ്യുന്ന ഒരു അത്യാധുനിക ആരോഗ്യ പഠന കേന്ദ്രവും. ഇന്ന് നേതാക്കള്‍ ചികിത്സയ്‌ക്ക് പോകുന്നതോ അമേരിക്കയിലേക്കും.

1995ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വി.എം. സുധീരന്‍ ആയിരുന്നു ആരോഗ്യമന്ത്രി. അമേരിക്കയിലെ  റിസര്‍ച്ച്  ഇന്‍സ്റ്റിറ്റിയൂട്ട്  ആയ  ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ അന്താരാഷ്‌ട്ര ആരോഗ്യവിഭാഗത്തിന്റെ ചെയര്‍മാന്‍ കാള്‍ ഇ ടെയ്‌ലര്‍, അവരുടെ ഏഷ്യന്‍ കാമ്പസ് തുടങ്ങാന്‍ സന്നദ്ധരാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. മൂന്നാറില്‍ 700 കോടിയുടെ ‘ജോണ്‍സ് ഹോപ്കിന്‍സിന്റെ പബ്ലിക് ഹെല്‍ത്ത് സ്‌കൂള്‍’ ആയിരുന്നു പദ്ധതി.  മന്ത്രിസഭാ യോഗത്തില്‍ ജോണ്‍സ് ഹോപ്കിന്‍സിന്റെ താല്‍പ്പര്യം അംഗീകരിച്ചു. മൂന്നാറില്‍ 72 ഏക്കര്‍ വിട്ടുനല്‍കാനും മാട്ടുപെട്ടി-മൂന്നാര്‍ റോഡ് വീതികൂട്ടി നവീകരിക്കാനും തയ്യാറായി. ഇതിനായി ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി പഠനവും നടത്തി.  

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി അവസാനിച്ച് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. തുടക്കത്തില്‍ പദ്ധതിയോട് അനുകൂല നിലപാടായിരുന്നു നായനാര്‍ സ്വീകരിച്ചത്. ടെക്‌നോപാര്‍ക്കിനായുള്ള അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല സന്ദര്‍ശിക്കുകയും ചെയ്തു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ ചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ നിയമസഭയില്‍ ഇടതുപക്ഷം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം നിയമസഭയ്‌ക്ക് പുറത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെ കൊണ്ട് പദ്ധതിക്കെതിരെ വ്യാപക പ്രചാരണം നടത്തുകയും ചെയ്തു.

വാക്‌സിന്‍ പരീക്ഷണം നടത്തും, ജനങ്ങളെ ഗിനിപ്പന്നികളാക്കി മരുന്ന് പരീക്ഷിക്കും,  മൂന്നാര്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയില്‍ മരുന്ന് പരീക്ഷണം നടത്താനാണ്, നമ്മുടെ ജൈവവൈവിധ്യം അമേരിക്കക്കാര്‍ ചൂഷണം ചെയ്യും, സിഐഎയുടെ ഏജന്റുമാരാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് പിന്നില്‍, ചാരപ്രവര്‍ത്തനം നടത്തും,  കേരളത്തിന് അമേരിക്കയില്‍ നിന്നും ഒന്നും പഠിക്കാനില്ല എന്നൊക്കെയായിരുന്നു  പ്രചാരണം. ഡോ. സി.ആര്‍. സോമന്‍,  ഡോ. ബി. ഇക്ബാല്‍ എന്നിവരൊക്കെയാണ് പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നത്.  

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രചാരണവും ശക്തമായി. മന്ത്രിസഭയില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. ധനകാര്യ മന്ത്രി ടി.ശിവദാസ മേനോനും റവന്യൂ മന്ത്രി കെ.ഇ. ഇസ്മയിലും പദ്ധതിയില്‍ ദുരൂഹത ആരോപിച്ചു. ആരോഗ്യമന്ത്രി എ.സി. ഷണ്‍മുഖദാസും വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫും പദ്ധതിയെ അനുകൂലിച്ചു. ഇതോടെ സിപിഎം പോളിറ്റ് ബ്യൂറോ ഇടപെട്ടു. കാള്‍ ടെയ്‌ലറെ സിഐഎ ഏജന്റായാണ് സിപിഎം കണ്ടിരുന്നത്.  

പഞ്ചാബിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് കാള്‍ ഇ ടെയ്‌ലറെ രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കാള്‍ ഇ ടെയ്‌ലര്‍ക്ക് സിഐഎ ബന്ധമുണ്ടെന്നും സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യാനും പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചു. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.  എതിര്‍പ്പ് മൂലം പദ്ധതി നിര്‍ത്തിവയ്‌ക്കുന്നുവെന്ന് മാത്രമാണ് മന്ത്രി എ.സി.ഷണ്മുഖദാസ് നിയമസഭയില്‍ അറിയിച്ചത്.

ജോണ്‍സ് ഹോപ്കിന്‍സ് സിങ്കപ്പൂരില്‍ ഏഷ്യന്‍ ക്യാമ്പസ് സ്ഥാപിച്ചു. പല ഇടത് നേതാക്കളും സിങ്കപ്പൂരിലും അമേരിക്കയിലുമായുള്ള  ജോണ്‍സ് ഹോപ്കിന്‍സിന്റെ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. ഇന്ന് കൊവിഡ് പ്രതിരോധത്തിലടക്കം അവസാന വാക്ക്  ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടേതാണ്. എല്ലാ അത്യാധുനിക ചികിത്സയുടെയും കേന്ദ്രം കൂടിയാണ് ഈ ആശുപത്രി. അന്ന് ആ പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കാന്‍സര്‍ ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും മാത്രമല്ല, ആരോഗ്യരംഗത്ത് ഒന്നടങ്കം കേരളത്തിനും രാജ്യത്തിനും ഏറെ പ്രയോജനമായിരുന്നേനെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by