അമേരിക്കയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകള്‍ പലതുണ്ട്. ചിത്രീകരണവുമായി ബന്ധപ്പെട്ട ‘ഏഴാം കടലിനക്കരെ’ എത്താത്ത സിനിമാക്കാരും കുറവാകും. എന്നാല്‍ പ്രവാസി അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ സിനിമ ഒരുങ്ങുന്നത് ചുരുക്കം. അത്തരമൊരു സിനിമ അണിയിച്ചൊരുക്കുകയാണ് ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരായ വത്സ കൃഷ്ണയും ക്രിസ് തോപ്പിലും.
അഭിനയ മോഹത്തോട് വിടപറഞ്ഞാണ് കോട്ടയം പൊന്‍കുന്നം സ്വദേശിയായ വത്സ മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലേക്ക് പറന്നത്. മകള്‍ കോളജ് അധ്യാപിക ആകാന്‍ ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് നേഴ്സ് ആയാല്‍ മതിയെന്നു വാശിപിടിക്കുകയും വിജയിക്കുകയും ചെയ്ത വല്‍സ അമേരിക്കയിലെത്തിയിട്ടും അഭിനയാവേശം കൈവിട്ടില്ല.
ഭര്‍ത്താവ് ക്രിസ് തോപ്പില്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിയതോടെ പ്രവാസി മലയാളികളുടെ നാടകങ്ങളിലും സ്റ്റേജ് ഷോകളിലും കഥാപാത്രങ്ങളായി. അമേരിക്കയില്‍ ചിത്രീകരിച്ച ചില സിനിമകളില്‍ മുഖം കാണിക്കാനവസരം കിട്ടിയത് അഭിനയ മോഹം കൂടാന്‍ വഴിതെളിച്ചു. രാക്കുയില്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ മലയാളം സീരിയലുകളിലും അഭിനയിച്ചു. നൃത്തവും പഠിച്ചു.
സിനിമ നിര്‍മ്മിക്കാനുള്ള പ്രേരണയും അഭിനയ മോഹം തന്നെ എന്നു പറയുന്നതില്‍ വത്സ കൃഷ്ണയ്ക്ക് മടിയൊന്നുമില്ല.
തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്ദ്രജിത്തിനെ നായകനാക്കി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗണേഷ് നായര്‍ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൊച്ചുണ്ണി ഇളവന്‍ മഠം ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍. സിനിമ നിര്‍മാണ രംഗത്തേക്കുവന്ന വത്സാ കൃഷ്ണക്ക് ഭര്‍ത്താവ് ക്രിസ് തോപ്പില്‍ മക്കളായ റാണിയും നന്ദിനിയും കട്ട സപ്പോര്‍ട്ടായി ഒപ്പമുള്ളപ്പോള്‍ എന്തിനു മടിക്കണം എന്നതാണ് നിലപാട്.
ഭര്‍ത്താവിന്റെ കുംടുബപ്പേരാണ് തോപ്പില്‍. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത്, രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ് ഉള്‍പ്പെടെയുള്ള നടന്മാര്ക്കൊപ്പം അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.
തോപ്പില്‍ പ്രൊഡക്ഷന്‍സ് ‘സ്വീറ്റ് സിക്സ്റ്റീന്‍’ എന്ന പേരില്‍ ഹൃസ ചിത്രം നിര്‍മിച്ചിരുന്നു. അതില്‍ വത്സ അഭിനയിക്കുകയും ചെയ്തു. വലിയൊരു സിനിമ നിര്‍മിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഈ ചിത്രത്തിന് കിട്ടിയ സ്വീകാര്യതയും കാരണമായതായി വത്സ പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: