പൂച്ചാക്കല്‍: കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജലഗതാഗത വകുപ്പ് രണ്ട് ടൂറിസം കം പാസഞ്ചര്‍ ബോട്ടുകള്‍ നിര്‍മിക്കുന്നു. ആലപ്പുഴയില്‍ നിന്നു കുട്ടനാട്, കൊല്ലം ജില്ലയിലെ അഷ്ടമുടി എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ഇരുനില ബോട്ടുകള്‍ നിര്‍മിക്കുന്നത്.
ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്നു കുട്ടനാടിന്റെ ഇടത്തോടുകളിലൂടെ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനു ആരംഭിച്ച സീ കുട്ടനാട് വലിയ നേട്ടമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇതേ മാതൃകയില്‍ കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുവേണ്ടി ‘സീ അഷ്ടമുടി’ എന്ന പേരില്‍ സര്‍വീസ് ആരംഭിക്കുന്നത്.
സാധാരണ ബോട്ടുപയോഗിച്ചാണ് ‘സീ കുട്ടനാട്’ സര്‍വീസ് നടത്തിയിരുന്നത്. ചേര്‍ത്തല പാണാവള്ളിയിലെ സെഞ്ചുറി യാഡില്‍ പുതിയ രണ്ടുബോട്ടുകളുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. മൂന്നുമാസത്തിനകം രണ്ടുബോട്ടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ പറഞ്ഞു. 90 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ഇരുനില ബോട്ടാണ് നിര്‍മിക്കുന്നത്.
മൂന്നുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊല്ലം ബോട്ടുജെട്ടിയില്‍ നിന്നു രാവിലെ 11 ന് പുറപ്പെട്ട് 4.30 ഓടെ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: