കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായത് ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിച്ചെടുക്കാനും സാധിക്കാത്തത് മൂലം. കേസിലെ പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകളും പ്രതിക്ക് അനുകൂലമായി.
ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ഈ മൊബൈല്‍ ഫോണ്‍ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിന്റെ ശല്യം കൊണ്ടാണ് ഫോണിന്റെ സിം കാര്‍ഡ് അടക്കം ഉപേക്ഷിച്ചതെന്നാണ് മൊഴി. പിന്നാലെ കന്യാസ്ത്രീ പുതിയ ഫോണ്‍ വാങ്ങി. ഇതില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശ്വാസ യോഗ്യമായ അന്വേഷണം പോലീസില്‍ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമര്‍ശിച്ചു.
കന്യാസ്ത്രീയുടെ ലാപ്ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നല്കി മാസങ്ങള്‍ക്ക് ശേഷം നിര്‍ണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്ടോപ്പിലെ വിവരങ്ങള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇതിലൂടെ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും വിധിയില്‍ പറയുന്നു.
ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങള്‍ക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയില്‍ സന്ദേശങ്ങളുണ്ട്. ഫോര്‍മല്‍ ലെറ്റര്‍ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാര്‍ച്ച് വരെ ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ഈ ദിവസങ്ങളില്‍ ബിഷപ്പിനോട് ഇടപെടുന്നത്. എന്നാല്‍ ദുഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്.
സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.
ബിഷപ്പ് കന്യാസ്ത്രീയെ 13 തവണയും പീഡിപ്പിച്ചത് കോണ്‍വെന്റിലെ ഇരുപതാം നമ്പര്‍ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പമായി മല്‍പ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷന് ഉണ്ട്, തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.
ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളില്‍ എങ്ങും കാണാനില്ല. ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പോലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങള്‍ മനപൂര്‍വം മറച്ചുവെച്ചു എന്ന് ഇതില്‍ നിന്ന് വ്യക്തമെന്നും ഉത്തരവില്‍ പറയുന്നു.
കന്യാസ്ത്രീകളുടെ പ്രക്ഷോഭം അടക്കം വിധിന്യായത്തില്‍ വിശദമായി പറയുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റോടെ സമരം തീര്‍ന്നതും അതില്‍ പറയുന്നു. നീതി ഉറപ്പിക്കാനുള്ള സമരം ഒരാളുടെ അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു എന്നതും പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: