പൂച്ചാക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പൂച്ചാക്കലിലാണ് സംഭവം. വിവാഹത്തിന് നേതൃത്വം നല്കിയ പെണ്‍കുട്ടിയുടെ അച്ഛനേയും വരന്റെ അമ്മയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കിയത്.
ഒരു മാസം മുന്‍പായിരുന്നു തമിഴ്നാട് സ്വദേശിയുടേയും പെണ്‍കുട്ടിയുടേയും വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേക്ക് പോയി. സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പാണാവള്ളിയില്‍ നിന്നു പെണ്‍കുട്ടിയുടെ പിതാവിനെയും തമിഴ്നാട്ടില്‍ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു.
യുവാവിനേയും പെണ്‍കുട്ടിയേയും അന്വേഷിച്ച് പോലീസ് തമിഴ്നാട്ടില്‍ എത്തിയെങ്കില്‍ ഇവര്‍ അപ്പോഴേക്കും അവിടെ നിന്നും മുങ്ങിയിരുന്നു. പൂച്ചാക്കല്‍ സിഐ എം.അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇരുവരേയും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: