ഡോ. രാധാകൃഷ്ണന് ശിവന്
വാസ്തു ശാസ്ത്രത്തിന്റെ ഭൂമി, ഹര്‍മ്യം, യാനം, ആസനം എന്നുള്ള നാലു പ്രധാന സരണികളില്‍ ഒന്നാണ് ശയനാസനങ്ങള്‍. ഈ അധികരണത്തില്‍ പ്രധാനമായും ഇരിപ്പിടങ്ങള്‍, കട്ടിലുകള്‍, പര്യങ്കങ്ങള്‍, തുടങ്ങിയവയുടെ നിര്‍മാണ നിയമങ്ങളും രീതികളും ആണ് പരാമര്‍ശിക്കപ്പെടുന്നത്. ശയനം ആസനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സാമാന്യ വിഷയങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്.
ഈ അധികരണ പ്രകാരം ശയന ആസനങ്ങള്‍ക്ക് കണക്കുകള്‍ വളരെ പ്രാധനമാണ്. ശയനോപകരണങ്ങള്‍ക്ക് സാമാന്യമായി ഗജയോനിയായ സപ്ത യോനിയും ആസനാദികളായ ഇരിപ്പിടങ്ങള്‍ക്ക് സിംഹയോനിയായ ത്രിയോനിയും ആണ് നല്‍കേണ്ടത്. അതോടൊപ്പം നിര്‍മാണത്തില്‍ അനുപാതികതയും സൗന്ദര്യവും അലങ്കാരങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. വാസ്തു നിയമ പ്രകാരം കട്ടിലുകള്‍ക്കു വിസ്താരം ഏറ്റവും കുറഞ്ഞത് മൂന്ന് വിതസ്തിയും ദീര്‍ഘം അഞ്ചു വിതസ്തിയുമാകണം. ഇതില്‍മേല്‍ മൂന്നും അഞ്ചും അംഗുലം വീതം വര്‍ധിപ്പിച്ചു വലിയ കട്ടിലുകള്‍ നിര്‍മിക്കുകയുമാവാം.
കട്ടില് പലകകളുടെ വിസ്താരം നാലോ അഞ്ചോ അംഗുലവും അവയുടെ കനം വിസ്താരത്തിന്റെ പകുതിയും ആകണം. മധ്യത്തിലുള്ള പട്ടത്തിന് ഇതിന്റെ മൂന്നിലൊന്ന് വീതി ആയാലും മതി. ഇതിന്റെ കനം വിസ്താരത്തിന്റെ മൂന്നിലൊന്നോ നാലിലൊന്നോ ആയിരിക്കുകയും വേണം. തല മുതല്‍ കാല് വരെയുള്ള രണ്ടു ദീര്‍ഘ ചട്ടങ്ങള്‍ കുറുകെയുള്ള രണ്ടു ചട്ടങ്ങളും ആയി ആപ്പുകൊണ്ടോ കുടുമ കൊണ്ടോ ബന്ധിപ്പിക്കുകയും വേണം. കട്ടിലിന് കാലിന്റെ ഉയരം ഒന്നര വിതസ്തിയില്‍ അധികമായി ഒരിക്കലും വന്നുകൂടാ. അതുപോലെ ഒരുവിതസ്തിയില്‍ കുറയാനും പാടില്ല. കട്ടിലിന്റെ കാലുകള്‍ നേരെയുള്ളതോ അല്ലെങ്കില്‍ സിംഹപാദമോ മാന്‍പദമോ പോലെ നിര്‍മിക്കണം. തടിക്കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്തു പണിയുമ്പോള്‍ കീലം കൊണ്ടു യോജിപ്പിക്കണം. കട്ടിലിന്റെ ഭിന്ന നാമങ്ങള്‍ അതിന്റെ ആകൃതിയോട് ബന്ധപ്പെട്ടാണ് സാധാരണ പറയാറുള്ളത്.
പലവിധ പലകളോടൊപ്പം ചട്ടത്തിലേക്ക് ചേര്‍ത്തുണ്ടാക്കുന്നതാണ് പര്യങ്കം. കട്ടിലിന് നല്കുന്ന സാധാരണ അളവുകള്‍ തന്നെ പര്യങ്കത്തിന് നല്‍കാം. ഒരു വളച്ചുവാതിലില്‍ നിന്ന് താഴേക്ക് കൊളുത്തുകളുടെയും ചങ്ങലകളുടെയും സഹായത്തോടെ തൂക്കിയിടുന്ന പര്യങ്കങ്ങളെ തൂക്കു പര്യങ്കങ്ങള്‍ അഥവാ തൂക്കു കട്ടില് എന്ന് പറയാറുണ്ട്. ഇത് സര്‍വശ്രേഷ്ഠമാണ്. പര്യങ്കത്തിന്റെ ശിരോഭാഗം കിഴക്കോട്ട് ആയിരിക്കണം അല്ലെങ്കില്‍ തെക്കോട്ടും ആകാം. ഇതര ദിക്കുകള്‍ ഉചിതമല്ല. കിഴക്കോട്ട് എങ്കില്‍ ശയിക്കുന്ന ആള് തെക്കോട്ടും ശിരസ്സ് തെക്കോട്ട് എങ്കില്‍ പടിഞ്ഞാറോട്ടും ചെരിഞ്ഞു കിടക്കുന്നത് ശ്രേഷ്ഠമാകുന്നു.
ആസനങ്ങള്‍
സാമാന്യമായി ദേവനും രാജാവിനും വിധിച്ചിരിക്കുന്ന ആസനങ്ങള്‍ ആണ് സിംഹാസനങ്ങള്‍ എന്ന് പറയുന്നത് ഇതിന്റെ അടിഭാഗം പത്മ ബന്ധത്തില്‍ ആയിരിക്കണം ആവശ്യമെങ്കില്‍ ഉപപീഠവും പട്ടികയും താമരയും ഗളവും നല്‍കാവുന്നതാണ്. സിംഹാസനത്തിനു നാനാകൃതിയിലുള്ള മൂലസ്തംഭങ്ങളും മധ്യസ്തംഭങ്ങളും ഇതര സ്തംഭങ്ങളും നല്‍കാവുന്നതാണ്. സിംഹാസനത്തിന് ഉയര്‍ന്ന കാലുകളും തിരമാലകൊണ്ടുള്ള വിന്യാസവും സ്വര്‍ണരത്നാലങ്കാരങ്ങള്‍കൊണ്ടൊരുക്കുന്ന അലങ്കാരങ്ങളും നല്‍കാം. കട്ടില്, ആസനങ്ങള്‍ സംബന്ധിച്ച ദീര്‍ഘവിസ്താരം അഭിവാദ്യങ്ങള്‍ ആ വിഭാഗത്തിലെ ഏറ്റവും മികച്ച അളവുകള്‍ ആയിരിക്കണം. ആവശ്യമനുസരിച്ച് മതിയായ ആനുപാതത്തില്‍ ഉയരം, വിസ്തരം, ദീര്‍ഘം എന്നിവ കൂട്ടുകയും കുറയുകയും ചെയ്യാം. സിംഹത്തിന്റെയും ആനയുടെയും ഭൂതങ്ങളുടെയും കാളകളുടെയും കാലിന്റെ ആകൃതിയില്‍ വേണം ആസനങ്ങള്‍ നിര്‍മിക്കാന്‍. അതനുസരിച്ചു സിംഹപാദ സിംഹാസനം, ഗജപാദ സിംഹാസനം എന്നീ പേരുകള്‍ ഉണ്ട്.
പൂജാപീഠം
10 വിധത്തിലുള്ള അളവുകളാണ് പൂജാ പീഠത്തിനു കല്പ്പിച്ചിരിക്കുന്നത്. ആറു അംഗുലം മുതല്‍ ഒരു കോല് വരെ രണ്ടംഗുലം വര്‍ദ്ധനവും നല്‍കാവുന്നതാണ്. ചില ആചാര്യന്മാരുടെ അഭിപ്രായത്തില്‍ നാലംഗുലം വിസ്തരം കുറഞ്ഞത് വേണം. ഇത് ചതുരം, സമചതുരം, വൃത്തം, എട്ടു പട്ടം, ആറുപട്ടം തുടങ്ങി വിവിധ ആകൃതിയില്‍ നല്‍കാം. ഉയരം വിസ്താരത്തിന്റെ പകുതിയോ എട്ടിലൊന്നോ ആകേണ്ടതുണ്ട്. ഇവിടെ സിംഹ കാലുകളാണ് അഭിലഷണീയം ആയിട്ടുള്ളത്. മുകള്‍ ഭാഗത്തു താമര ദളങ്ങള്‍ പോലെ അലങ്കാരം നല്‍കണം. മധ്യത്തില്‍ കര്‍ണികയും നല്‍കാം. ദേവന്മാരുടെ ഇടയില്‍ ബഹുമാന്യമായ ഇതിന് ശോഭനം എന്നു പറയാറുണ്ട്. പലവിധ നിറങ്ങളാല്‍ അലംകൃതമായ ഈ പീഠങ്ങള്‍ സ്വകാര്യ ആരാധനയ്ക്ക് ഏറ്റവും ഉത്തമം ആകുന്നു. വെച്ചാരാധന, കളരികള്‍, തെക്കതുകള്‍ എന്നിവിടങ്ങളില്‍ ഈ പീഠങ്ങള്‍ വിവിധ സങ്കല്‍പ്പത്തില്‍ ഇപ്പോഴും ആരാധനക്ക് ഉപയോഗിക്കുന്നു. ന്യഗ്രോധം, ഉദുബരം, വടം, പിപ്പലം, വില്വം അമലം എന്നിങ്ങനെയുള്ള വൃക്ഷങ്ങളെ കൊണ്ട് നിര്‍മ്മിക്കുന്നവ സാധാരണ സമസ്ത ആചാരങ്ങള്‍ക്കും ഉപയോഗയോഗ്യം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: