ഗാന്ധിനഗര്‍: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തില്‍ ആറ് ലക്ഷം കോടിയുടെ നിക്ഷേപണം നടത്തും. സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനത്ത് ആറ് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാറില്‍ ഒപ്പുവച്ചതായി ആര്‍ഐഎല്‍ കമ്പനി അറിയിച്ചു.
ഗുജറാത്തിനെ ‘നെറ്റ് സീറോ’ ആയും കാര്‍ബണ്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിന് ആര്‍ഐഎല്‍ ഒരു ഇക്കോ സിസ്റ്റം വികസിപ്പിക്കുകയും നവീകരിക്കാവുന്ന ഊര്‍ജത്തിന്റെയും ഗ്രീന്‍ ഹൈഡ്രജന്റെയും ഉപയോഗത്തിലേക്ക് നയിക്കുന്ന പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സ്വീകരിക്കാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
പോളിസിലിക്കണ്‍, വേഫര്‍, സെല്‍, സോളാര്‍ പവര്‍ പ്രോജക്ടുകള്‍ക്കുള്ള മൊഡ്യൂളുകള്‍, ഇലക്ട്രോലൈസര്‍ യൂണിറ്റ്, എനര്‍ജി സ്‌റ്റോറേജ് യൂണിറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജത്തിനായി പുതിയ സംയോജിത ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ 60,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് സര്‍ക്കാരുമായി കൂടിയാലോചിച്ച് കച്ച്, ബനസ്‌കന്ത, ധോലേര എന്നിവിടങ്ങളില്‍ 100 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിക്കായി ഭൂമി പരിശോധിക്കുന്നതിനുള്ള നടപടികള്‍ ആര്‍ഐഎല്‍ ആരംഭിച്ചു. കച്ചില്‍ 4.5 ലക്ഷം ഏക്കര്‍ ഭൂമിയാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആഗോള നിക്ഷേപകരെ ക്ഷണിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഉച്ചകോടിയായ വൈബ്രന്റ് ഗുജറാത്തിന്റെ പത്താം പതിപ്പിന്റെ ഭാഗമായിരുന്നു ധാരണാപത്രങ്ങള്‍. മൂന്ന് ദിവസത്തെ ഉച്ചകോടി ജനുവരി 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും വര്‍ദ്ധിച്ചുവരുന്ന കൊറോണ കേസുകള്‍ക്കിടയില്‍ മാറ്റിവച്ചു.
അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള പദ്ധതികളിലും പുതിയ സംരംഭങ്ങളിലും റിലയന്‍സ് 25,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ജിയോ നെറ്റ്വര്‍ക്ക് 5ജിയിലേക്ക് നവീകരിക്കുന്നതിനായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് 7,500 കോടി രൂപയും നിക്ഷേപിക്കും. ഗുജറാത്തിലെ റിലയന്‍സ് റീട്ടെയിലില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയും നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു. ഈ നിക്ഷേപം ഗുജറാത്തില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. 2035ാടെ ‘നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍’ ആക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പുതിയ ക്ലീന്‍ എനര്‍ജി ബിസിനസ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ നിക്ഷേപത്തില്‍ തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: