കണ്ണൂര്‍: സാമൂഹ്യ സുരക്ഷാമിഷന്റെ വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയിലായി. പദ്ധതിപ്രകാരമുള്ള മരുന്ന് വിതരണം സംസ്ഥാനത്തെങ്ങും മുടങ്ങി. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവരുടെ ആരോഗ്യസംരക്ഷണത്തിനായി സാമൂഹിക സുരക്ഷാ മിഷന് വഴി കോര്‍പ്പറേഷനുകളും നഗരസഭകളും കേന്ദ്രീകരിച്ച് ആവിഷ്കരിച്ചതാണ് വയോമിത്രം പദ്ധതി. മൂന്ന് മാസത്തിലേറെയായി രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ലഭിക്കാത്തത്.
വയോമിത്രം കേന്ദ്രങ്ങളിലേക്ക് ആവശ്യമായ മരുന്നുകളെത്തുന്നില്ല. മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് ദൗര്‍ലഭ്യത്തിന് കാരണമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തോടെ വാര്‍ഡുകള്‍ തോറുമുള്ള മൊബൈല്‍ ക്ലിനിക് സൗകര്യം പകുതിയായി വെട്ടിക്കുറച്ചിരുന്നു.
നിലവില്‍ രണ്ടും മൂന്നും വാര്‍ഡുകള്‍ ചേര്‍ത്ത് ഒരു ക്ലിനിക്കാണ് പ്രവര്‍ത്തിക്കുന്നത്. വയോധികര്‍ വാര്‍ഡുകളിലെ ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി മരുന്നുകള്‍ വാങ്ങാറായിരുന്നു പതിവ്. കൊവിഡ് വ്യാപനത്തോടെ പലയിടങ്ങളിലും വാര്‍ഡ് അംഗങ്ങളടക്കമുളളവര് ക്ലിനിക്കില്‍ നിന്ന് വയോജനങ്ങളുടെ വീടുകളില്‍ മരുന്നെത്തിച്ച് വരികയായിരുന്നു. നിലവില്‍ പല ജില്ലയിലും പദ്ധതിക്ക് കീഴില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്.
ദൗര്‍ലഭ്യം നേരിടുന്ന മരുന്നുകള്‍ എന്നെത്തുമെന്നതില്‍ സാമൂഹിക സുരക്ഷാമിഷനും വ്യക്തതയില്ല. കെഎംസി വഴിയാണ് മരുന്നുകള്‍ അതത് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വയോമിത്രം പദ്ധതിക്ക് മരുന്നുകള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ഭീമമായ തുക കുടിശ്ശികയുള്ളതായാണ് വിവരം.
ആശുപത്രികളില്‍ ചികിത്സ തേടാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നിര്‍ധനരെയാണ് പദ്ധതി മുടങ്ങിയത് സാരമായി ബാധിച്ചത്. പദ്ധതിക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ ജീവനക്കാരുടെ കാലാവധി അവസാനിക്കാനിരിക്കെ അവരുടെ നിയമനം നീട്ടി നല്കാന് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളില്ലാത്തതും ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: