കൊച്ചി: പൈനാവ് എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ കേരളം മുഴുവന്‍ കലാപം അഴിച്ചുവിട്ട എസ്എഫ്ഐയും സിപിഎമ്മും മഹാരാജാസില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ പുലര്‍ത്തിയ മൗനവും കീഴടങ്ങലും പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയാകുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൊലക്കത്തിക്ക് ഇരയായത്.
പോപ്പുലര്‍ ഫ്രണ്ടുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ ആസൂത്രിതമായ കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കാന്‍ കാരണമായതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം. എസ്എഫ്ഐയില്‍ കടന്നുകൂടിയ കാമ്പസ് ഫ്രണ്ടുകാരുടെ ഒത്താശയോടെ അഭിമന്യുവിനെ വട്ടവടയില്‍ നിന്നും വിളിച്ചുവരുത്തി ചതിയിലൂടെ കൊലപ്പെത്തുകയായിരുന്നുവെന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് അഭിമന്യുവിന്റെ മാതാപിതാക്കളുടെ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേസില്‍ അന്വേഷണം അല്പമെങ്കിലും മുന്നോട്ടുപോയത്. കൊലയാളി സംഘം വിട്ടുനല്‍കിയ പ്രതികളെ മാത്രം പിടികൂടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാനായിട്ടില്ല. അഭിമന്യുവിനെ കുത്തിയ കത്തി പോലും കണ്ടെടുത്തില്ല. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘവുമുണ്ടായില്ല.
അതേസമയം സംഘര്‍ഷത്തിനിടെയുണ്ടായ ധീരജിന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്ന് പോലീസും വ്യക്തമാക്കി. ആസൂത്രിതമായി അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്നില്‍ നിരുപാധികം കീഴടങ്ങിയ സിപിഎം ധീരജിന്റെ വിഷയം വന്നപ്പോള്‍ സംസ്ഥാനത്തൊട്ടാകെ കലാപസമാനമായ അന്തരീക്ഷമുണ്ടാക്കിയതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിമര്‍ശനത്തിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: