തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ ദീര്‍ഘകാലമായി ജീര്ണാവസ്ഥയില് സ്ഥിതി ചെയ്യുന്ന ജലവന്തിയുടെ പുനരുദ്ധാരണപ്രവൃത്തികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കുന്നതിനു ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു.
ഭക്തജനങ്ങളുടെ ചിരകാലാഭിലാഷമായ ജലവന്തി നവീകരണത്തിനു തുടക്കം കുറിച്ചുകൊണ്ടു പ്രധാന വാതിലിന്റെ കട്ടിളവയ്പു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ് ഹോക് കമ്മിറ്റി ഭക്തജനങ്ങളുടെകൂടി പങ്കാളിത്തത്തോടെ കഴിയുന്നത്ര വേഗം പണി പൂര്‍ത്തിയാക്കണമെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്ഷേത്രവളപ്പിലെ കാടുപടലം വെട്ടിമാറ്റി പരിസരം വൃത്തിയാക്കണമെന്നു പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ പി.എം തങ്കപ്പന്, അഡ്വ. മനോജ് ചരളേല്‍, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാര്‍, തന്ത്രി അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്.അജിത് കുമാര്‍, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ജി.ബൈജു, തിരുവല്ല അസി.കമ്മീഷണര്‍ കെ.ആര് ശ്രീലത, അഡ്ഹോക് കമ്മിറ്റി സ്ഥപതി നന്ദകുമാര്‍വര്‍മ, ശില്പികളായ ഉണ്ണികൃഷ്ണന് തിരുവമ്പാടി, സ്വാമിദാസ് പെരിങ്ങര, അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ആര്.പി ശ്രീകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലവന്തിയുടെ നവീകരണത്തിനാവശ്യമായ തടി ഉരുപ്പടികളുടെ പണി പൂര്‍ത്തിയായി. മുകളിലത്തെ നിലകളിലെ ഭിത്തിയിലെ കുമ്മായം നീക്കി വിടവുകള്‍ പ്രത്യേക മിശ്രിതം കൊണ്ടടച്ച് കരിങ്കല്‍ പാകുകയും ചെയ്യും. തറയില്‍ ഗ്രാനൈറ്റും കരിങ്കല്പ്പാളിയും പാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: