ശ്രീകൃഷ്ണപുരം: പാലക്കാടന്‍ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ച വാദ്യകലാകാരന് പനമണ്ണ കുട്ടപൊതുവാള്‍ ഓര്‍മ്മയായി. പാളിപ്പോകാത്ത പരീക്ഷണങ്ങളിലൂടെ തായമ്പകയെ പുതിയ ഔന്നിത്യത്തിലേക്ക് എത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച വാദ്യകലാകാരനായിരുന്നു കുട്ടപൊതുവാള്‍. വാര്‍ദ്ധക്യത്തിന്റെ അവശതയിലും തന്റെ 91-ാം വയസില്‍ കടമ്പൂര് പനയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തായമ്പക അവതരിപ്പിച്ചിരുന്നു.
വ്യത്യസ്ത വാദ്യങ്ങളില്‍ പ്രയോഗ മികവ് പുലര്‍ത്തിയ അദ്ദേഹം ശ്രേഷ്ഠമായ വള്ളുവനാടന്‍ കലാപാരമ്പര്യത്തിന്റെ അഭിമാനമുഖമായിരുന്നു. കേരളത്തിന്റെ തനതായ കലാരൂപമായ തായമ്പകയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ കുട്ടപൊതുവാള്‍ വാദ്യകലയില്‍ 80 വര്‍ഷം നാദവിസ്മയം തീര്‍ത്തു. പത്താം വയസില്‍ അരങ്ങേറ്റം കുറിച്ച കുട്ടപൊതുവാള്‍ തായമ്പക, മേളം, പഞ്ചവാദ്യം, ക്ഷേത്രവാദ്യങ്ങള്‍ തുടങ്ങിയവയില്‍ തന്റേതായ അടയാളം രചിച്ച നിപുണനാണ്. പിതാവ് കൃഷ്ണപൊതുവാളാണ് ആദ്യഗുരു.
കേരളത്തിന്റെ താളവാദ്യ കലകളില്‍ സാമ്പ്രദായിക ശൈലി സൂക്ഷിച്ചുപോന്ന കുട്ടപൊതുവാള്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി, മാംഗ്ലൂര്‍ എന്നിവിടങ്ങളിലും തായമ്പക അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വാദ്യരംഗത്ത് കേരള കലാമണ്ഡലം മേളാചാര്യ പുരസ്കാരം, പൂക്കാട്ട് രാമ പൊതുവാള് സ്മാരക പുരസ്കാരം, കടമ്പൂര് പനയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം സ്വര്‍ണമുദ്ര, മുതലപ്പാറ ഭഗവതി ക്ഷേത്രം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്
കടമ്പൂര് പനയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആറ് പതിറ്റാണ്ടിലേറെ ചെണ്ട – അടിയന്തിരം നിര്‍വഹിച്ച അദ്ദേഹം ഉത്സവദിനത്തില്‍ സര്‍വം മറന്നു പ്രമാണം വഹിക്കുന്ന തായമ്പക വളരെ ജനപ്രീതി നേടിയതാണ്. സഹധര്‍മിണി ശ്രീദേവി അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് മക്കള്‍ക്കൊപ്പം മുംബൈയിലും ഗുജറാത്തിലും താമസമാക്കിയ കുട്ടപൊതുവാള്‍ ഗുജറാത്തിലെ മകളുടെ വസതിയിലാണ് അന്തരിച്ചത്.
ഭാര്യ: പരേതയായ ദേവകി. മക്കള്‍: ശോഭന, പ്രകാശന്, മണികണ്ഠ പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: