ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജീത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദേശീയസ്മാരക അതോറിറ്റി ചെയര്‍മാനുമായ തരുണ്‍ വിജയ് പങ്കുവയ്ക്കുന്നു.
അച്ഛന് രണ്‍ജീതും അമ്മ ലിഷയും ചേച്ചി ഭാഗ്യയുമുള്ള വീട്ടില്‍ വച്ച് ഈ പുതുവര്‍ഷം ഹൃദ്യ എത്രത്തോളം ആഘോഷമാക്കിയേനെ. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹൃദ്യ. സര്‍ഗ്ഗവൈഭവം ആവോളമുള്ള പെണ്‍കുട്ടി. അവള് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്നേ തുടങ്ങിയേനെ. പക്ഷേ,…
ഹൃദ്യയുടെ അമ്മ ലിഷ, റോമന്‍ കാത്തലിക് വിശ്വാസി. തികഞ്ഞ ഹിന്ദു വിശ്വാസിയായ, ആര്‍എസ്എസ് പ്രവര്‍ത്തകനായ രണ്ജീത്തിനെയാണ് അവര്‍ വിവാഹം കഴിച്ചത്. ഞങ്ങള്‍ അവരുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പുതുവര്‍ഷത്തിലെ ആദ്യദിനമായിരുന്നു അത്. മധ്യാഹ്നമെങ്കിലും മങ്ങിയ കാലാവസ്ഥ. ഹൃദ്യയുടെ വീട്ടിലേക്കുള്ള ഇടവഴി തീര്‍ത്തും വിജനമായിരുന്നു. ആ പ്രദേശം മുഴുവന്‍ നിശബ്ദത വലയം ചെയ്തിരുന്നു.
നാല്പതുകളിലേക്ക് കടന്നതേ ഉണ്ടായിരുന്നുള്ളൂ ഹൃദ്യയുടെ അച്ഛന് രണ്‍ജീത് ശ്രീനിവാസന്. ഡിസംബര്‍ 19 ന് അദ്ദേഹം അമ്മയുടേയും ഭാര്യയുടേയും മുന്നില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. എന്നേയും എന്റെ കുടുംബത്തേയും സംബന്ധിച്ച് രണ്‍ജീത്തിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരല്‍ സങ്കടകരമായിരുന്നു. ദുഖം ഉള്ളിലൊതുക്കി അനുശോചനം അറിയിച്ചു.
രണ്‍ജീത്തിന്റെ ഇളയ മകള്‍ ഹൃദ്യയെ എന്റെ ഭാര്യ ഞങ്ങളുടെ അരികിലിരിക്കാന്‍ ക്ഷണിച്ചു. അവള് മടിച്ചു നിന്നു. അമ്മ ലിഷയുടെ പ്രേരണയാല്‍ ഹൃദ്യ സോഫയില്‍ ഞങ്ങള്‍ക്കരികിലായി ഇരുന്നു. ”നീ ധൈര്യശാലിയാണ് ഹൃദ്യ” ഞാന്‍ പറഞ്ഞു. പഠിത്തം കഴിഞ്ഞാല്‍ എന്താവാനാണ് ആഗ്രഹം?
‘ജഡ്ജി’- ഒരു നിമിഷം പോലും ആലോചിക്കാതെ അവള് പറഞ്ഞു.
‘നല്ലത്. നിനക്കോ ഭാഗ്യ?.’ ഞാന്‍ ചോദിച്ചു.
ഫോറിന് സര്‍വീസില്‍ ചേരണമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.
ദുഃഖിതരെങ്കിലും അവരുടെ ആത്മവിശ്വാസം, കൊടിയ വേദനകള്‍ക്കിടയിലും ശോഭ പകര്‍ന്നു.
നിത്യ സങ്കടത്തിലേക്ക് ഈ സ്നേഹസമ്പന്നമായ കുടുംബത്തെ തള്ളിയിടാന്‍ എന്തായിരുന്നു കാരണം. രണ്‍ജീതും ലിഷയും അഭിഭാഷകരായിരുന്നു. ആരുമായും വിരോധമില്ലാതിരുന്നവര്. മുസ്ലിം കുടുംബങ്ങളായിരുന്നു അവര്‍ക്ക് സമീപം താമസിച്ചിരുന്നത്. സാധാരണ അയല്പക്കബന്ധം നിലനിര്‍ത്തിയിരുന്നവര്‍. ആരുമായും ചെറിയൊരു കലഹം പോലും ഉണ്ടായിട്ടില്ല. രണ്ജീത്താവട്ടേ എല്ലാവരേയും സഹായിച്ച വ്യക്തിയും. എന്നിട്ടും, ആ കുടുംബത്തിന് മേല്‍ ദുരന്തത്തിന്റെ പ്രഹരമേറ്റപ്പോള്‍ തൊട്ടടുത്തുള്ള ഈ അയല്പക്കക്കാര് അനുശോചനം അറിയിക്കാന്‍ വരികയോ, സഹാനുഭൂതിയോടെ ഒരു വാക്ക് പറയുകയോ ചെയ്തില്ല.
ഒരു നിമിഷം കൊണ്ടാണ് എല്ലാവരുടേയും ജീവിതം തകര്‍ന്നുപോയത്. അമ്മയുടേയും ഭാര്യയുടേയും മുന്നില്‍ വച്ച് അവര്‍ക്കേറെ പ്രിയപ്പെട്ട രണ്‍ജീത് അതിക്രൂരമായി ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടു. വേദനയാല്‍ പുളഞ്ഞ, നിസ്സഹായനായ രണ്‍ജീത്തിനെ ഒരിക്കലുമവര്‍ക്ക് മറക്കാനാവില്ല. ഓരോ നിമിഷവും മരണത്തേക്കാള്‍ കാഠിന്യമേറിയതാണ്.
കേരളത്തിലെ ഹിന്ദുക്കള്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആദ്യം അഭിമുഖീകരിച്ചത് സിപിഎം പ്രവര്‍ത്തകരില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍, ഇസ്ലാമിക് ജിഹാദികളായ പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടേയും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്‍ജീത് വധവുമായി ബന്ധപ്പെട്ട് ഏതാനും എസ്ഡിപിഐക്കാര് അറസ്റ്റിലായിട്ടുണ്ട്. അതെങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസമേകും?.
ഹൃദ്യ ഒരു ജഡ്ജിയാകാന്‍ ആഗ്രഹിക്കുന്നു. ഭാഗ്യ ഐഎഫ്എസ് ഓഫീസറും. ആരാണ് അവരുടെ വിദ്യാഭ്യാസത്തിന് സഹായം ചെയ്യുക. ആരവരെ സംരക്ഷിക്കും?. ജീവിതം ഇപ്പോള്‍ അവരെ സംബന്ധിച്ച് ക്രൂരമായ ഒരു തമാശയാണ്. അവരുടെ അച്ഛന് കൊല്ലപ്പെടാനുണ്ടായ കാരണം അവര്‍ക്കറിയില്ല. ഈ സ്വതന്ത്ര രാജ്യത്ത് ഹിന്ദു ആയിരിക്കുക എന്നതൊരു കുറ്റമാണോ? ഒരു മതേതര മാധ്യമവും ഈ സംഭവത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. ആരും അഭിമുഖങ്ങളെടുക്കുകയോ എഡിറ്റോറിയലുകള്‍ എഴുതുകയോ ചെയ്തില്ല.
ഇതുപോലുള്ള കേസുകളില്‍, ഒറ്റപ്പെട്ടുപോവുകയെന്നത് മരണത്തേക്കാള്‍ ഭീതിദമാണ്. അകലം പാലിക്കുന്ന അയല്‍ക്കാര്‍. ബന്ധുക്കളുടെ നിസംഗത. ജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട സുഹൃത്തുക്കള്‍.
ഈ കൊവിഡ് സമയം സ്കൂളുകളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലേക്ക് വീണ്ടും മാറി. ഹൃദ്യ അവളുടെ ഗൃഹപാഠങ്ങള്‍ ചെയ്തു തീര്‍ക്കുന്നു. ഉത്തരങ്ങള്‍ തേടുന്നു. ധൈര്യം നഷ്ടപ്പെട്ട അമ്മയെ ചേര്‍ത്തുപിടിക്കുന്നു.
ലിഷയുടെ സഹോദരി ലിനിയും അനുകമ്പയോടെ അവര്‍ക്കൊപ്പമുണ്ട്. ദിവസം മുഴുവര്‍ അവിടെ ചെലവഴിക്കുന്നു. സാധാരണ ജീവിതത്തിലേക്ക് ലിഷയേയും മക്കളേയും മടക്കിക്കൊണ്ടുവരാന്‍ സാധ്യമായ രീതിയില്‍ പരിശ്രമിക്കുന്നു. സംഭവം നടന്ന ആ വീടിന് ചുറ്റുമുള്ളവരെല്ലാം ഭയപ്പെട്ടുപോയിരിക്കുന്നു. പക്ഷേ, അവിടെയും ഒരു അഭയകേന്ദ്രവും മുന്നോട്ട് നയിക്കാന്‍ ഒരു പ്രകാശവും ഉണ്ടാവില്ലേ?. തീര്‍ച്ചയായും, ആ പ്രകാശം വരുന്നത് ലിഷയുടെ ദൃഢനിശ്ചയത്തില്‍ നിന്നാവും. ആ മക്കള്‍ക്ക് നെയ്തെടുക്കാനും വീണ്ടും പറയാനും
ഒരുപാട് കഥകളുണ്ടാവും. അവരുടെ അച്ഛന്റെ മന്ദഹാസം, പൊട്ടിച്ചിരി, ചേര്‍ത്തണയ്ക്കല്‍, പിക്നിക്കുകള്‍, ആര്‍എസ്എസ് പ്രവര്‍ത്തനം…അങ്ങനെ എത്രയോ ഓര്‍മ്മകള്‍. ഹൃദ്യക്ക് അതേക്കുറിച്ചെല്ലാം നന്നായി അറിയാം. ഹൈന്ദവ കേരളത്തിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചുവരെ. അവരുടെ മാസികയില്‍ ഞാന്‍ എഴുതിയ ലേഖനത്തെക്കുറിച്ചുവരെ അവള്‍ക്കറിയാം.
തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അച്ഛന് സ്വര്‍ഗ്ഗത്തിലിരുന്ന് അനുഗ്രഹിക്കുമെന്ന് ഹൃദ്യയ്ക്കുറപ്പുണ്ട്. അവളുടെ ബാല്യകാല സ്വപ്നങ്ങള്‍ പൂവണിയേണ്ടതുണ്ട്. യൗവനത്തിലെത്തുമ്പോള്‍ അച്ഛന്റെ തണലും അവള്‍ക്ക് ആവശ്യമുണ്ട്. പക്ഷെ, വഴി മുള്ളുകള്‍ നിറഞ്ഞതായിരിക്കുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ സഹപാഠികളില്‍ നിന്നുള്ള കുഴയ്ക്കുന്ന ചോദ്യങ്ങള്‍ക്കും അവള് ഉത്തരം നല്‍കേണ്ടതുണ്ട്. കണ്ണുനിറയ്ക്കുന്ന നിരവധി ചോദ്യങ്ങള്‍, പറച്ചിലുകള്‍. ഇതെല്ലാം കൂടാതെ വേറെയും കാര്യങ്ങള്‍ മുന്നിലുണ്ട്.
ഹൃദ്യയ്ക്കും കുടുംബത്തിനും കൂടുതല്‍ കരുത്ത് നല്കണേയെന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു. ശിവ ഭഗവാന് അവരുടെ ജീവിത സ്വപ്നങ്ങള്‍ സഫലമാകാന്‍ അനുഗ്രഹിക്കട്ടെ. ഹൃദ്യ നല്ലൊരു ജഡ്ജിയാകുന്നതും ഭാഗ്യ മിടുക്കിയായ നയതന്ത്രജ്ഞയാകുന്നതും കാണുവാന്‍ നമുക്ക് സാധിക്കട്ടെ. എന്തുകൊണ്ട് എന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവട്ടെ അത്. നമ്മള് തെരഞ്ഞെടുത്ത സര്‍ക്കാരിന്, പൗരന്മാര്ക്ക് എല്ലാവര്‍ക്കുമുള്ള ഉത്തരം.
ഹൃദ്യയെപ്പോലെ ഇനി ഒരു കുട്ടിക്കും അവരുടെ അച്ഛനെ ഇത്തരത്തില്‍ നഷ്ടപ്പെടരുത്. ദേശവിരുദ്ധരാല് മക്കള്‍ കൊല്ലപ്പെടുന്നത് കാണേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാരും ഉണ്ടാവരുത്. കണ്മുന്നില് വച്ച് സ്വന്തം മകന് നിസ്സഹായനായി കൊല്ലപ്പെടുന്നതിനോളം കൊടിയ പീഡ മറ്റൊന്നില്ല. നമുക്ക് ഹൃദ്യമാരെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം നില്ക്കാം. അങ്ങനെയുള്ളവരുടെ സമൂഹത്തെ രൂപപ്പെടുത്താം.
അതുവരേയും നമ്മുടെ ദേശീയ ഗാനം അപൂര്‍ണ്ണമായിരിക്കും. എവിടെ മനസ്സ് നിര്‍ഭയവും ശിരസ്സ് ഉന്നതവുമാണോ എന്ന ടഗോറിന്റെ വരികളും അര്‍ത്ഥരഹിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: