ബോവിക്കാനം: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കിയ പീഡന പരാതി സിപിഎം നേതൃത്വം ഇടപെട്ടു പിന്‍വലിപ്പിച്ചു. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഇരിയണ്ണി വനിതാ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്െയക്കാരനെ സസ്പെന്റ് ചെയ്തു. കേസില്‍ നിന്നും ഡിവൈഎഫ്ഐ നേതാവിനെ ഒഴിവാക്കപ്പെട്ടതോടെ സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇരിയണ്ണിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ വനിതാ നേതാവിന്റെ മുന്നിലാണ് ആദ്യം പരാതിയുമായെത്തിയത്. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പത്ത് വയസുമുതല്‍ തന്നെ നേതാവ് പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയില്‍ പറഞ്ഞു. യുവനേതാവിന്റെ ഫോണില്‍ നാട്ടിലെ നിരവധി പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഫോട്ടോകളും വീഡിയോകളുമുണ്ട്. അതില്‍ കുറച്ചെണ്ണം തന്റെ ഫോണിലേക്ക് മാറ്റിയതായി പെണ്‍കുട്ടി വനിതാ നേതാവിനോട് പറഞ്ഞിരുന്നു. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന വീഡിയോകള്‍ കോപ്പി ചെയ്ത വനിതാ നേതാവ് ലോക്കല്‍ സെക്രട്ടറിയെ വിവരം ധരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരാതി പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും ഏരിയ കമ്മറ്റിയിലെ മറ്റൊരു വനിതാ നേതാവ് പ്രതിയുടെ സഹോദരനെ വിളിച്ച് തെളിവുകള്‍ക്ക് ഹാജരാക്കേണ്ട തൊണ്ടിമുതല്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യഥാര്‍ത്ഥ ഫോണിന് പകരം മറ്റൊന്നാണ്പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. യുവനേതാവിന്റെ സഹോദരന് രഹസ്യമായി വനിതാ ബാങ്കിലുണ്ടായിരുന്ന യഥാര്‍ത്ഥ ഫോണും ലാപ്ടോപ്പും മാറ്റുകയായിരുന്നു.
ബാങ്കിന്റെ താക്കോല്‍ പ്രതിയുടെ സഹോദരന് കൈമാറിയതിനെ സംബന്ധിച്ച് സിപിഎമ്മില്‍ മറ്റൊരു വിവാദം കൂടി ഉയര്‍ന്ന് വന്നിരിക്കുകയാണ്. പ്രാദേശിക സിപിഎം നേതാക്കളും പ്രതിയുടെ ബന്ധുക്കളും കൂടി പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്ത് പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. ഉന്നത സ്ഥാനമാനങ്ങള്‍ വഹിക്കുന്ന വനിതാ നേതാവ് ഡിവൈഎസ്പിയെ നേരിട്ട് വിളിച്ച് പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
അണികളുടെ കണ്ണില്‍ പൊടി ഇടാന്‍ സിപിഎം ഏരിയ നേതൃത്വം ഇടപെട്ട് യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ബാങ്കില്‍ നിന്ന് സസ്പെന്റ് ചെയ്യുകയായിരുന്നു. പോക്സോ കേസെടുക്കേണ്ട സംഭവം സിപിഎം നേതൃത്വം ഇടപെട്ടു ഒതുക്കി തീര്‍ത്തതിനെതിരെ ഇരിയണ്ണിയില്‍ പ്രതിഷേധം പുകയുകയാണ്. നിരവധി പെണ്‍കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധ്യതയുള്ള വീഡിയോകള്‍ ഇപ്പോഴും യുവ നേതാവിന്റെ ലാപ്ടോപ്പില്‍ ഉണ്ട്. അതൊക്കെ ദുരുപയോഗം ചെയ്താല്‍ സിപിഎം നേതൃത്വം വെട്ടിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബാംഗളൂരില്‍ യുവ നേതാവിന് സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ ഉണ്ടെന്നു കണ്ടെത്തിയ പോലീസ് ചില റാക്കറ്റുമായി ബന്ധമുണ്ടെന്നും സിപിഎം ഏരിയ നേതൃത്തെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടും പ്രതിയെ വെറുതെ വിട്ട പോലീസിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: