തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്റെ മൃതദേഹത്തില്‍ റീത്ത് വയ്ക്കുന്ന സമയത്തു തന്നെ ജില്ലയില്‍ മറ്റൊരു ഭാഗത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി സിപിഎം നേതൃത്വം. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരില്‍ എത്തിയപ്പോള്‍ തിരുവില്വാമലയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം.
ഇവിടെ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് സിപിഎം നേതൃത്വത്തിന്റെ ലക്ഷ്യം. ബിജെപിക്കും കോണ്‍ഗ്രസിനും ആറംഗങ്ങള്‍ വീതമുള്ള തിരുവില്വാമലയില്‍ സിപിഎം മൂന്നാം സ്ഥാനത്താണ്. നറുക്കെടുപ്പിലൂടെ ഭരണത്തിലെത്തിയ ബിജെപിയെ താഴെ ഇറക്കിയാല്‍ പിന്നെ സാധ്യത കോണ്‍ഗ്രസിനാണ്.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് പ്രാദേശിക നേതൃത്വം സമ്മതിക്കുന്നു. ഇനി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല.
കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ഈ നീക്കത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക അമര്‍ഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനെക്കാള്‍ വലുതാണോ നേതാക്കള്‍ക്ക് അധികാരം എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. മഹാരാജാസ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ എസ്ഡിപിഐയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഎം ഭരണം പങ്കിടുന്നുണ്ട്.
പത്തനംതിട്ട നഗരസഭ, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍
എസ്ഡിപിഐയുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് ഭരണം. മറ്റു ചിലയിടങ്ങളില്‍ രഹസ്യധാരണയുമുണ്ട്. അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ ആയിട്ടില്ല. എസ്ഡിപിഐയുമായുള്ള രഹസ്യധാരണയാണ് പ്രതികളെ പിടികൂടാത്തതിന് കാരണമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.
സാധാരണ പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയാകുമ്പോഴും കോണ്‍ഗ്രസുമായും ഇത്തരമൊരു രഹസ്യ ധാരണയാണ് സിപിഎം നേതൃത്വം പുലര്‍ത്തുന്നത്. തിരുവില്വാമലയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി വിടുമെന്ന നിലപാടിലാണ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: