കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. പരമ്പര നിര്‍ണയിക്കുന്ന അവസാന ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റണ്‍സിന് പുറത്തായി. നായകന് വിരാട് കോഹ്ലിക്കൊഴികെ മറ്റാര്‍ക്കും ടീമില്‍ പിടിച്ചുനില്‍ക്കാനായില്ല. അര്‍ധസെഞ്ച്വറിയുമായി കോഹ്ലി നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
സ്കോര്‍- ഇന്ത്യ: 223, ദക്ഷിണാഫ്രിക്ക: 17-1 (8)
കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ആദ്യ പത്തോവര്‍ പിടിച്ചു നിന്നെങ്കിലും റബാദയുടെയും ഒലിവിയറിന്റെയും മുന്നില്‍ കുടുങ്ങി. രാഹുല്‍ 12 റണ്‍സിനും അഗര്‍വാള്‍ 15 റണ്‍സ് എടുത്തും പുറത്തായി. ചേതേശ്വര്‍ പൂജാര-വിരാട് കോഹ്ലി സഖ്യം മികച്ച പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. ആക്രമിച്ച് കളിച്ച പൂജാര കോഹ്ലിയെക്കാള് വേഗത്തില്‍ ബാറ്റ് വീശി. എന്നാല്‍ മാര്‍ക്കോ ജെന്‍സണിന് മുന്നില്‍ 38-ാം ഓവറില്‍ പുറത്തായി. 43 റണ്‍സാണ് പൂജാര നേടിയത്.
മധ്യനിരയില്‍ രഹാനെയും (ഒമ്പത്), രവിചന്ദ്ര അശ്വിനും (രണ്ട്) പെട്ടെന്ന് പുറത്തായി. ഋഷഭ് പന്ത് (27) പിടിച്ചു നിന്നെങ്കിലും ജെന്സണ് മുന്നില്‍ വീണു. വാലറ്റത്തെ കൂട്ടുപിടിച്ച് കോഹ്ലി റണ്‍സ് ഉയര്‍ത്താന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. റബാദയ്ക്ക് മുന്നില്‍ 79 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ നാലും മാര്‍ക്കോ ജെന്സണ് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിച്ചു. ഡീന്‍ എല്‍ഗറുടെ (മൂന്ന്) വിക്കറ്റാണ് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: