ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (എന്‍സിപിസിആര്‍) കര്‍ണാടക പോലീസ് വകുപ്പിന് കത്തയച്ചു. മേക്കേദാട്ട് പദയാത്രക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്കൂള്‍ കുട്ടികളുമായി ഇടപെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് കത്തയച്ചത്.
ഇത് സംബന്ധിച്ച് എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ കര്‍ണാടക ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറലും ആയ പ്രവീണ്‍ സൂദിന് കത്ത് അയച്ചു.ഏഴ് ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍സിപിസിആര്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പദയാത്രയ്ക്കിടെ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ സ്കൂള്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയതും കുട്ടികളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്പെടുത്തുന്നതുമായ വീഡിയോ ട്വീറ്റില്‍ അപ്ലോഡ് ചെയ്തതിന് ശേഷം കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. പ്രസ്തുത വീഡിയോയില്‍ കുട്ടികളും കെപിസിസി പ്രസിഡന്റും മാസ്ക് ധരിക്കാതെ കൊവിഡ് ഉചിതമായ പെരുമാറ്റം പിന്തുടരുന്നതില് പരാജയപ്പെടുന്നതായി കാണാം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത് 2005ലെ സിപിസിആര്‍ നിയമ പ്രകാരം അന്വേഷണം നടത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ശിവകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ച് ഏഴ് ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കര്‍ഫ്യൂ ഉത്തരവുകള്‍ ലംഘിച്ച് പദയാത്ര നടത്തിയതിന് ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും മറ്റ് 30 പേര്‍ക്കുമെതിരെ സംസ്ഥാന പോലീസ് വകുപ്പ് ഇതിനകം എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: