ബെംഗളൂരു: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വെര്‍ച്വല്‍ മോഡില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും സാങ്കേതിക ഉപദേശക സമിതി അംഗങ്ങളുമായും വിളിച്ച ഉന്നതതല യോഗത്തിലാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനുവരി അവസാനം വരെ തുടരാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ മുതലായ നിയന്ത്രണങ്ങള്‍ ജനുവരി 19ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിദിന കേസുകള്‍ 12000 കടന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് അനിവാര്യമാണെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം എല്ലാ പൊതുയോഗങ്ങളും കര്‍ശനമായി നിരോധിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്കും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അതാത് ജില്ലകളിലെ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അധികാരം നല്‍കുമെന്നും യോഗം തീരുമാനിച്ചു. സ്കൂള്‍ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്നും ഈ വിഷയം അതാത് ജില്ലകളിലെ ടിപിആര്‍ നിരക്ക് കണക്കിലെടുത്തായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ചയിലൊരിക്കല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ആരോഗ്യ പരിശോധനകള്‍ സംയുക്തമായി നടത്താന്‍ വിദ്യാഭ്യാസആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
കൊവിഡ് ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രികളോടും ജില്ലാ ആശുപത്രികളോടും കുട്ടികളുടെ വാര്‍ഡുകളും ഐസിയുവും റിസര്‍വ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയ കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു ഇടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും യോഗത്തില്‍ നിര്‍ദേശം നല്കി.
ഇതിനിടെ മകരസംക്രാന്തിയും വൈകുണ്ഠ ഏകാദശിയും മറ്റ് ഉത്സവങ്ങളും ഈ മാസത്തിലായതിനാല്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ഉത്സവങ്ങളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ, മുസ്രയ് വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്കി. ഇത്സവ വേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും മൂന്നാം തരംഗത്തിന്റെ വ്യാപനശേഷി അതിതീവ്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ അടങ്ങിയ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഹോം ഐസൊലേഷന്‍ ആന്‍ഡ് ട്രയേജിങ് സംവിധാനത്തില്‍ ഹൗസ് സര്ജന്മാരുടെയും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികളുടെയും സേവനം ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ. സുധാകര്‍, വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ചീഫ് സെക്രട്ടറി പി. രവികുമാര്‍, സാങ്കേതിക ഉപദേശക സമിതി ചെയര്മാന് ഡോ. സുദര്ശന്, മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: