തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുളള തിരച്ചില്‍ ശക്തം. പോലീസ് നടപടിയില്‍ ഇതുവരെ കേരളത്തില്‍ പിടിയിലായത് 13,032 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്‍പതുവരെയുളള കണക്കാണിത്. ഗുണ്ടാനിയമപ്രകാരം 215 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. ഇതില്‍ 5,987 പേരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യവും റദ്ദാക്കിയാതായി പോലീസ് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്. 1506 പേരായാണ് തലസ്ഥാനത്തിന്റെ റൂറല്‍ ലിമിറ്റില്‍ പിടിയിലായത്.
ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 പേരുടെ ഫോണാണ് പിടിച്ചെടുത്തത്. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: