ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ അനീഷ് ജേസിയെ ഇസ്ലാമിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന് തമിഴ്നാട് സര്‍ക്കാര്‍ ജയിലിലടച്ചു. അനീഷ് ജേസി ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്. യാഥാസ്ഥിതിക മുസ്ലിം ശക്തികളാണ് അനീഷ് ജേസിയുടെ അറസ്റ്റിന് പിന്നിലെന്ന് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നു. ഇയാള്‍ നല്കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളി.
ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് എസ് ഐ വി. ഗണേഷ് കുമാര്‍ പറഞ്ഞു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തെളിവായി പൊലീസ് സൂക്ഷിച്ചിട്ടുണ്ടെന്നും എസ് ഐ ഗണേഷ് കുമാര്‍ പറഞ്ഞു. വിശുദ്ധമെന്ന് പറയുന്ന ഒരു പുസ്തകത്തിന്റെ പേരില്‍ ആളുകള്‍ മുതലക്കണ്ണിര്‍ ഒഴുക്കുകയാണെന്നാണ് അനീഷ് ജേസിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ്. പ്രവാചകനെയും അനീഷ് വിമര്‍ശിക്കുന്നു.
വാറന്റ് പോലുമില്ലാതെയാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നു. തമിഴ്നാട്ടിലെ നിരീശ്വരവാദി സംഘങ്ങളിലെ ജനപ്രിയ നേതാവാണ് അനീഷ് ജേസി. ഡിസംബര്‍ 29നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ (മതവികാരം വ്രണപ്പെടുത്തല്‍), 153എ(1) (വിവിധ മതഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യാഥാസ്ഥിതിക മുസ്ലിം സംഘങ്ങളാണ് അനീഷിനെ വേട്ടയാടുന്നതെന്നാണ് അനീഷിന്റെ സുഹൃത്ത് ആരോപിക്കുന്നത്. ഒരിയ്ക്കലും അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊലീസ് പരിശോധിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അനീഷിന്റെ സൂഹൃത്ത് പറയുന്നത്. ‘അനീഷ് ചെയ്യുന്നത് പുതിയ കാര്യമല്ല. അത് പെരിയാറിന്റെ കാലം മുതലുള്ളതാണ്. വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് വിമര്‍ശിക്കുന്നു. അനീഷ് താന്‍ വിട്ടുപോന്ന ഇസ്ലാംമതത്തിലെ കപടനാട്യങ്ങളെയാണ് വിമര്‍ശിച്ചത്”- അനീഷ് ജേസിയുടെ സുഹൃത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: