ഇടുക്കി: ദീര്‍ഘമായ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കലാലയങ്ങള്‍ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു. അന്ന് അഭിമന്യു ആയിരുന്നെങ്കില്‍ ഇപ്പോള്‍ ധീരജാണ് കൊല ചെയ്യപ്പെട്ടത്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇടുക്കിയുടെ വേദനയാണ് ഇരുവരും. ഇരുവരും സ്വന്തം നാട് വിട്ടു പോയി നല്ലൊരു ജീവിതം ആഗ്രഹിച്ച് ഏറെ കഷ്ടപ്പെട്ട് പഠിച്ചവര്‍. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ക്യാമ്പസിലെ കൊലകത്തിക്ക് മുന്നില്‍ എരിഞ്ഞടങ്ങി.
വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് 2018 ജൂലൈ 2ന് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നു. എസ്ഡിപിഐ- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. കണ്ണൂര്‍ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എഞ്ചിനീയറിങ് കോളേജ് കാമ്പസിലായിരുന്നു. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചു തകര്‍ത്ത് പുറത്ത് വന്നെങ്കില്‍ ധീരജിന് കുത്തേറ്റത് നെഞ്ചിലായിരുന്നു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്മെന്റ് വഴിയാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാര്‍ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപനം കണ്ടു. മഹാരാജാസിന്റെ അഭിമന്യുവിനെ പോലെ നാടന്‍ പാട്ടുകള്‍ പാടിയായിരുന്നു അവനും എല്ലാവരുടെയും മനം കവര്‍ന്നത്. പഠനത്തിലും മിടുക്കനായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു.
കൊലപാതകം എങ്ങനെ
ഇന്നലെ കോളേജിലെ ഇലക്ഷനായിരുന്നു. ഒരു മണിക്ക് പോളിംഗ് കഴിഞ്ഞശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗേറ്റിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 15 ഓളം പേര് നില്‍ക്കുന്നത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. വാക്കുതര്‍ക്കത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിയെടുത്തുവീശി. ഇതുകണ്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ ഓടിക്കാന്‍ ശ്രമിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിയ പുറകെ എസ്എഫ്ഐ പ്രവര്‍ത്തകരും ഓടി. കോളേജില്‍ 100 മീറ്റര്‍ അകലെ ജില്ലാപഞ്ചായത്തും മ്യൂസിയവും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പാലത്തിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞ് നിന്ന് എസ്എഫ്ഐ ക്കാരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മൂന്നു പേര്‍ക്കും കുത്തേറ്റത്. ഇതില്‍ ധീരജിനാണ് കൂടുതല്‍ മുറിവേറ്റത്. മുറിവേറ്റ് വീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടുകാര്‍ പോലീസിന്റെയും മറ്റു പലരുടേയും സഹായം തേടിയെങ്കിലും ആരും ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. കോളേജിന്റെ പലഭാഗങ്ങളിലും പോലീസ്കാര് ഡ്യൂട്ടിയിലുണ്ടായിരുന്നു.
പോലീസിന് ഗുരുതര വീഴ്ച
പോലീസിനോട് സംഭവം പറഞ്ഞപ്പോള്‍ അവന് അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിന് ഉത്തമന് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. പിന്നീട് അതുവഴിവന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്റെ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്.
അപ്പോഴേക്കും ധീരജ് മരിച്ചിരുന്നു. ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് സഹപാഠികള്‍ പറയുന്നു. രാവിലെ മുതല്‍ സംഘര്‍ഷം ഉടലെടുത്തിരുന്നതാണ്. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും പോലീസ് ഇടപെടാത്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഘര്‍ഷസാധ്യത
സംഭവമറിഞ്ഞത് മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് വിദ്യാര്‍ത്ഥികളും സഹപാഠികളും പാര്‍ട്ടി പ്രവര്‍ത്തകരും ഓടിയെത്തി. മരണവിവരമറിഞ്ഞപ്പോള് സഹപാടികള്‍ അലറിനിലവിളിച്ചു. കൂട്ടക്കരച്ചിലുമുയര്ന്നു. ഇവിടെയും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ നിയമിച്ചു. കോളേജിന് സമീപവും വിദ്യാര്‍ത്ഥികള്‍ രോഷാകുലരായി കെഎസ്യുവിന്റെ കൊടി കത്തിക്കുകയും വാഹനങ്ങള്‍ക്ക് തീയിടാനും ശ്രമം നടന്നു.
പോലീസും പാര്‍ട്ടിപ്രവര്‍ത്തകരും ഇടപെട്ട് വിദ്യാര്‍ത്ഥികളെ ശാന്തരാക്കുകയും ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. സംഭവമറിഞ്ഞ മന്ത്രി റോഷി അഗസ്റ്റ്യന്‍, എം.എം. മണി എംഎല്‍എ, തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും സാമാധാനിപ്പിക്കുകയും ചെയ്തു. ജില്ലാപോലീസ് മേധാവിയും, ഇടുക്കി ഡിവൈഎസ്പിയും സ്ഥലത്തില്ലായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.റ്റി. ആന്റണി, ഡിസിആര്‍ബി ഡിവൈഎസ്പി തോമസ് എന്നിവര്‍ ക്രമസമാധാനപാലനത്തിന് നേതൃത്വം നല്കി.
വൈകിട്ടോടെ പിടിയിലായ പ്രധാന പ്രതി നിഖില്‍ പൈലിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ കുറ്റം സമ്മദിച്ചയായാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടെയും ഓഫീസടക്കം സ്ഥിതി ചെയ്യുന്നതിന് കി.മീ. അകലെയാണ് കൊലപാതകം നടന്നത്.
ഇയാളെ കൂടാതെ മറ്റ് അഞ്ച് പേരും പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രതിഷേധം നടന്നു. അതേ സമയം അക്രമണം ഭയന്ന് ജില്ലയില്‍ മിക്കയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: