കൊല്ലം: വിസ്മയ കേസില്‍ വിസ്താരത്തിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത് മുമ്പാകെ ഇന്നലെ തുടക്കമായി. ആദ്യദിനത്തില്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെ ഒന്നാം സാക്ഷിയായി വിസ്തരിച്ചു.
മാട്രിമോണിയല്‍ വഴി വന്ന വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് കിരണിന്റെ പിതാവ് അയാളുടെ മകള്‍ക്ക് 101 പവന്‍ സ്ത്രീധനം നല്‍കി എന്നും നിങ്ങള്‍ എന്തു നല്‍കും എന്നും ചോദിച്ചതായി ത്രിവിക്രമന്‍നായര്‍ മൊഴിനല്കി. താനും 101 പവന്‍ സ്വര്‍ണവും 1.20 ഏക്കര്‍ സ്ഥലവും ഒരു കാറും നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ കോവിഡ് കാരണം 80 പവന്‍ മാത്രമേ തനിക്ക് നല്‍കാന്‍ കഴിഞ്ഞുള്ളുവെന്നും ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങിയതെന്നും മൊഴിനല്‍കി.
വിവാഹതലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല എന്നും വേറെ കാറുവേണം എന്നും മകളോട് ആവശ്യപ്പെട്ടു. വിവാഹദിവസം തന്നെ വേറെ കാറുവാങ്ങിനല്‍കാം എന്നും താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി മൊഴി നല്‍കി. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വെക്കാനായി തൂക്കിനോക്കിയപ്പോള്‍ അളവില്‍ കുറവു കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ താന്‍ മകളുമായി സംസാരിച്ചുവെന്നും മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്നു പറഞ്ഞുവെന്നും സാക്ഷി മൊഴിനല്‍കി.
കിരണിന്റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡായിരുന്ന പ്രസ്തുത സംഭാഷണം സൈബര്‍ പരിശോധനയില്‍ ലഭിച്ചത് തുറന്ന കോടതിയില്‍ കേള്‍പ്പിക്കുകയും സാക്ഷി തന്റെയും കിരണിന്റെയും വിസ്മയയുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് ഓണ സമയത്ത് വിസ്മയയെ കാറില്‍ സഞ്ചരിക്കവെ കിരണ്‍ കാറിന്റെ കാര്യം പറഞ്ഞ് ഉപദ്രവിച്ചു. വിസ്മയ ചിറ്റുമല ഒരു വീട്ടില്‍ അഭയം തേടി. ഫോണില്‍ വിവരമന്വേഷിച്ച തന്നോട് കിരണ്‍ മോശമായി സംസാരിച്ചു. അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടില്‍ ചെന്നപ്പോള്‍ കിരണിനു കൊടുക്കാമെന്നു പറഞ്ഞത് മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നാണ് പറഞ്ഞത്.
ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസിലാക്കി തങ്ങള്‍ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല എന്നും സാക്ഷി മൊഴി നല്‍കി. മാര്‍ച്ച് 25ന് അപ്രകാരം ചര്‍ച്ചയ്‌ക്കിരിക്കെ 17ന് മകള്‍ കിരണിനൊപ്പം വീട്ടിലേക്ക് പോയി എന്നും അതിനുശേഷം കിരണ്‍ വിളിച്ചുകൊണ്ടു പോയത് സ്‌നേഹംകൊണ്ടല്ല കേസ് ഒഴിവാക്കാനാണെന്ന് ബോധ്യപ്പെട്ടതായി ത്രിവിക്രമന്‍നായര്‍ മൊഴിനല്കി.
ത്രിവിക്രമന്‍നായരുടെ കേസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി. മോഹന്‍രാജ്, നീരാവില്‍ അനില്‍കുമാര്‍, ബി. അഖില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി. പ്രതാപചന്ദ്രന്‍പിള്ളയും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: