ഇടുക്കി : എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ നിഖില്‍ പൈലിയെ കൂടാതെ ആറ് പേര് കൂടി പോലീസ് കസ്റ്റഡിയില്‍. ഇവരെല്ലാം കെഎസ്യു പ്രവര്‍ത്തകരാണ്. ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പൈലി സമ്മതിച്ചതായും പോലീസ് അറിയിച്ചു.
കരിമണലില്‍നിന്ന് ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് നിഖില്‍ പൈലിയെ പോലീസ് പിടിയിലായത്. തിങ്കളാഴ്ച കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന നിഖിലിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചാണ് പോലീസ് പിടികൂടിയത്.
അതേസമയം ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്ന ആരോപണവും ജില്ലാ പോലീസ് മേധാവി നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോള്‍ അവര്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. ധീരജിന്റെ മൃതദേഹം ഇന്ന് കണ്ണൂരില്‍ സംസ്കാരിക്കും. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: