ഗോപന്‍ ചുള്ളാളം
ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തില്‍ വലിയ ശിഷ്യസമ്പത്തിനുടമയായ മഹായോഗിവര്യനായിരുന്നു തൈക്കാട് അയ്യാസ്വാമികള്‍. വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവരെയും വനിതകളെയും ശിഷ്യഗണങ്ങളില്‍പ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മക്കിടി ലബ്ബ, തക്കല പീര്‍മുഹമ്മദ്, പേട്ടയില്‍ ഫെര്‍ണാണ്ടസ്, സ്വയംപ്രകാശ യോഗിനി അമ്മ, കൊല്ലത്തമ്മ, മണക്കാട് ഭവാനി തുടങ്ങി അന്‍പതിലധികം പ്രഗത്ഭരുടെ ശിഷ്യഗണമുണ്ടായിരുന്നു.
ജാതിഭ്രാന്ത് അതിന്റെ അത്യുന്നതിയില്‍ നിന്നകാലത്ത് കേരളത്തില്‍ ജാതി മത വര്‍ഗ്ഗവര്‍ണ്ണലിംഗഭേദമെന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളില്‍ ഉള്ളവര്‍ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു അയ്യസ്വാമികള്‍. തിരുവനന്തപു
രത്ത് തൈക്കാടു വച്ചു തൈപ്പൂയസദ്യയ്‌ക്കു ബ്രാഹ്മണരോടൊപ്പം പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെയുമിരുത്തി അയിത്തോച്ചാടനത്തിനായി ‘പന്തിഭോജനം’ നടത്തി. ആധുനിക ലോകത്തില്‍ ആദ്യമായി പന്തിഭോജനം ആരംഭിച്ചതു അയ്യാസ്വാമികളായിരുന്നു. തുടര്‍ന്ന് സവര്‍ണ്ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്നാക്ഷേപിച്ചു.
‘ഇന്ത ഉലകത്തിലെ
ഒരേ ഒരു മതം താന്‍
ഒരേ ഒരു ജാതി താന്‍
ഒരേ ഒരു കടവുള്‍ താന്‍’
എന്നായിരുന്നു ഇതിനോട് അയ്യാ സ്വാമികളുടെ മറുപടി. അയ്യാഗുരു പഠിപ്പിച്ച ഈ വരികളാണ് വര്‍ഷങ്ങള്‍ക്കുശേഷം ‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യര്‍ക്ക്’ എന്ന് നാരായണഗുരു മലയാളീകരിച്ചത്. അയ്യാസ്വാമികളാകട്ടെ 18 തമിഴ് സിദ്ധന്മാരിലൊരാളായിരുന്ന തിരുമൂലരുടെ ‘ഒന്‍ റേ കുലം ഒരുവനേ ദേവനും അന്‍ റേ നിനൈമിന്‍ നമനില്‌പൈ നാളുമേ’ എന്ന വരികളില്‍ നിന്നാണ് ഈ തത്വം ഉള്‍ക്കൊണ്ടത്. 18 സിദ്ധന്മാരില്‍ നിന്ന് ശിവരാജയോഗി തൈക്കാട് അയ്യാഗുരുവിലൂടെ ശ്രീനാരായണഗുരുവിലേക്കും അതിലൂടെ കേരളത്തിന്റെ പൊതുധാരയിലേക്കും ഒരുജാതി ഒരു മതം ഒരു ദൈവം എന്ന ചിന്ത വളര്‍ന്നു.
കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും ശൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814 ല്‍ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. മാതാപിതാക്കള്‍ നല്‍കിയ പേര് സുബ്ബരായര്‍ എന്നായിരുന്നു. ഉദ്യോഗാര്‍ഥം ദീര്‍ഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയശേഷമാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കൊല്ലൂര്‍ കുഞ്ഞന്‍പിള്ളയെ(ചട്ടമ്പിസ്വാമികള്‍) ആറു വര്‍ഷത്തെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷമാണ് 1889 ലെ ചിത്രാപൗര്‍ണമി ദിനം ശിഷ്യനാക്കി ‘ബാലാസുബ്രഹ്മണ്യ മന്ത്രം’ ഓതിക്കൊടുത്തത്. കുഞ്ഞന്റെ അപേക്ഷപ്രകാരം കൂട്ടുകാരനായ നാണുവിന് അടുത്ത വര്‍ഷത്തെ (1890) ചിത്രാ പൗര്‍ണമിക്കു മന്ത്രം ഓതിക്കൊടുത്തു ശിഷ്യനാക്കി. നാലു വര്‍ഷം അവര്‍ അയ്യാവിനോടൊപ്പം കഴിഞ്ഞു. അയ്യാവിന്റെ ഭാര്യ കമലാമ്മാള്‍ അവരുടെ പോറ്റമ്മയായി. അയ്യാവിന്റെ തമിഴ് താളിയോല ഗ്രന്ഥം നോക്കി ചട്ടമ്പി സ്വാമികള്‍ തയ്യാറാക്കിയതാണ് ‘പ്രാചീന മലയാളം.’ ശിവരാജ യോഗം(ഇതിലാണ് നാദാനുസന്ധാനം), ദേവോപാസന, അരുപോപാദനം, പ്രാണായാമം. ഹഠയോഗം, ശരീര ധര്‍മ്മ ശാസ്ത്രം, വൈദ്യ ജ്യോതിഷം, കര്‍മകാണ്ഡം(ഇതിലാണ് പ്രതിഷ്ഠാ വിധികള്‍) എന്നിവ ശിഷ്യര്‍ക്കുപദേശിച്ചു കൊടുത്തു. ശിഷ്യയായ കൊല്ലത്തമ്മയുമായി മരുത്വാമലയില്‍ ശിഷ്യരെ തപസിനു വിട്ടതും അയ്യാസ്വാമികളാണ്.
16 വയസ്സായപ്പോള്‍ അയ്യാസ്വാമികള്‍ സച്ചിദാനന്ദസ്വാമികള്‍, ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. മൂന്നുവര്‍ഷക്കാലം നീണ്ട സഞ്ചാരത്തിനിടയില്‍ ബര്‍മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇക്കാലത്ത് സച്ചിദാനന്ദ സ്വാമിയില്‍ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്. അനന്തശയനം കാണാനായി തിരുവനന്തപുരത്ത് എത്തിയ അയ്യാസ്വാമി ബന്ധുവായ ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയില്‍ താമസമാക്കി. തിരുവനന്തപുരത്തുനിന്ന് പഴനിയില്‍ ഗുരുനാഥനെ കണ്ടെത്താനായി യാത്രയായ അയ്യാവ് ഗുരുനിര്‍ദ്ദേശമനുസരിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു. കമലമ്മാള്‍ ആയിരുന്നു ഭാര്യ. അഞ്ച് സന്താനങ്ങള്‍ ഉണ്ടായി. രണ്ടാമനായ പഴനിവേല്‍ ഒരു അവധൂതനാവുകയും പില്ക്കാലത്ത് പിതാവിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിര്‍ത്തുകയും ചെയ്തു.1873 മുതല്‍ സമാധിയായ 1909 വരെ 36 വര്‍ഷം അയ്യാ, തൈക്കാട് റസിഡന്‍സി സൂപ്രണ്ട്(ചീഫ് സെക്രട്ടറി) ആയിരുന്നു. അശ്വതി നാളില്‍ ജനിച്ച അയ്യാ, സമാധിക്കു തിരഞ്ഞെടുത്തത് 1909 കര്‍ക്കിടകത്തിലെ ‘മകം’ നാളായിരുന്നു.
ആയിരത്തി എണ്‍പത്തിനാല് മിഥുനമാസത്തിലെ അവസാന ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാന്‍ അയ്യാസ്വാമികള്‍ പോയി. അടുത്ത ചൊവ്വാഴ്‌ച്ച താന്‍ സമാധി ആവാന്‍ തീരുമാനിച്ചു എന്നറിയിച്ചു. മാറ്റിവയ്‌ക്കാന്‍ പാടില്ലേ എന്നു ചോദിച്ചപ്പോള്‍ ഇല്ല; നിശ്ചയിച്ചു പോയി എന്നായിരുന്നു മറുപടി. താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍ സ്വാമി മറന്നു പോയിരിക്കാം എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി (സേതുപാര്‍വതിഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല മഹാരാജാവാകുമെന്നും എന്നാല്‍ ‘കടശ്ശിരാജാ’ (അവസാനത്തെ രാജാവ്) ആയിരിക്കുമെന്നും പ്രവചിച്ചു. ആ രാജകുമാരന്റെ പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞ് ഒരാഴ്ച ആലസ്യമായിക്കിടന്ന് മഹാരാജാവ് നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു. പ്രവചനങ്ങളെല്ലാം സത്യമായി. മഹാരാജാവ് നാടുനീങ്ങി. ചിത്തിരിതിരുനാള്‍ അവസാനത്തെ രാജാവായി.
നവോത്ഥനകാലഘട്ടത്തില്‍ കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു ശിവരാജയോഗി തൈക്കാട് അയ്യാ സ്വാമികള്‍. സ്വാമികളുടെ സമാധിസ്ഥലമായ തൈക്കാട്ടെ വെള്ളാള ശ്മശാനത്തില്‍ നിന്നും അഞ്ച് സെന്റ് സ്ഥലം പൊന്നും വിലക്കെടുത്ത് അവിടെ ശിവ ശക്തി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. 1943 ല്‍ അനിഴം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് ചിത്തിര തിരുനാള്‍ മഹാരാജാവായിരുന്നു. അയ്യാ സ്വാമികളുടെ പടം കനകക്കുന്നു കൊട്ടാരത്തിലെ തേവാരപ്പുരയില്‍ ഇന്നും ദിവസവും പൂജിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക