കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിന് പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ചൈനയുമായും ബന്ധമുണ്ടെന്നും, കേസിലെ മലപ്പുറം സ്വദേശിയായ മുഖ്യ പ്രതി ലക്ഷക്കണക്കിന് രൂപ വാങ്ങി ഈ രാജ്യങ്ങളിലെ ചിലര്‍ക്ക് കോള്‍ റൂട്ടുകള്‍ വിറ്റുവെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട ചാര പ്രവര്‍ത്തനത്തെക്കുറിച്ച് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ പാക് പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശത്രുരാജ്യങ്ങളുടെ കൈനിലമായി കേരളം മാറിയിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഇവര്‍ക്കുവേണ്ടി അഞ്ചാംപത്തികളായി പ്രവര്‍ത്തിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നും, ആഗോള ഭീകരവാദത്തിന്റെ കരുത്തുറ്റ കണ്ണികളായി ഇവര്‍ വര്‍ത്തിക്കുകയാണെന്നും തെളിയുകയാണ്. പാകിസ്ഥാനുമായും ബംഗ്ലാദേശുമായും ചൈനയുമായുമൊക്കെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍പ്പോലും നടക്കാത്ത രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി കേരളം ഇതിനോടകം മാറിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തെ മൂടിവയ്ക്കാന്‍ കഴിയില്ല. ശത്രുരാജ്യങ്ങളുടെ പിണിയാളുകളായി നിന്നുകൊണ്ട് സ്വന്തം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ-ഭരണ പിന്തുണയും സംരക്ഷണവും ലഭിക്കുന്നത് വളരെ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ്.
വൈദേശിക ശക്തികളുടെ മതപരവും സാമ്പത്തികവുമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ സജീവമാണ്. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സാമൂഹ്യ നീതിയുടെയും വികസനത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും ആതുരസേവനത്തിന്റെയുമൊക്കെ മുഖംമൂടികള്‍ ധരിക്കുന്നവര്‍ സംഘടിതവും ആസൂത്രിതവുമായി തങ്ങളുടെ വിധ്വംസക അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അസത്യ പ്രചാരണം മുഖമുദ്രയാക്കിയിട്ടുള്ള ഇവര്‍ ജനങ്ങളെ അതിവിദഗ്ദ്ധമായി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനീചമായ കൊലപാതകങ്ങള്‍ നടത്തി സാമൂഹ്യാന്തരീക്ഷത്തില്‍ ഭയം വിതയ്ക്കുകയും ചെയ്യുന്നു. ഇതിനെതിരെ നിയമപരമായ നടപടികളെടുക്കേണ്ട പോലീസ് ഇക്കൂട്ടര്‍ക്ക് വിടുപണി ചെയ്യുന്നുവെന്നതാണ് ഏറ്റവും ആശങ്കാജനകം. രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും മറ്റും നേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസില്‍നിന്ന് ചോര്‍ത്തി നല്‍കാനും ആളുണ്ട്. ഇങ്ങനെ ചെയ്ത ഒരു പോലീസുകാരന് തൊടുപുഴയില്‍ പിടിയിലായിട്ടും നടപടി ഒരു സസ്പെന്‍ഷനില്‍ ഒതുക്കിയിരിക്കുകയാണ്. പേരിനു മാത്രമുള്ള ഇത്തരം ലഘുവായ ശിക്ഷാ നടപടികള്‍ കാക്കിക്കുള്ളിലെ ജിഹാദികളായ മറ്റുള്ളവര്‍ക്ക് പ്രേരണയാകുന്നു. ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും സ്വന്തം പദവികള്‍ ദുരുപയോഗം ചെയ്ത് തീവ്രവാദ സംഘടനകളെ സഹായിക്കുന്ന വിവരം പുറത്തായിട്ടും സംരക്ഷിക്കപ്പെടുകയാണ്.
ജമ്മു കശ്മീരിലാണ് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദികളെ സഹായിക്കുന്ന ചില പോലീസുകാരുണ്ടായിരുന്നത്. ഇവരെ കണ്ടെത്തി ശക്തമായ നടപടികളെടുത്തു കഴിഞ്ഞു. ഒളിത്താവളം ഒരുക്കുന്നതുള്‍പ്പെടെ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന നാട്ടുകാരായ ചിലരും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിക്കുന്നുണ്ട്. പക്ഷേ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകരവാദ സംഘടനകളെ സഹായിക്കുകയും, അവരുടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസുകാര്‍ കേരളത്തില്‍ സുരക്ഷിതരാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഇതു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അവര്‍ വര്‍ധിത വീര്യത്തോടെ മതവിഭാഗീയതയും വിധ്വംസക പ്രവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിനായി നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ വിദേശ ഫണ്ട് കൈപ്പറ്റുന്ന നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ റെയ്ഡ് നടത്തുന്ന ഏജന്‍സികളെ സംഘടിതമായി ചെറുക്കാനുള്ള ശ്രമങ്ങളുമുണ്ടാവുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും കായികമായി നേരിടുന്നു. ഇതിനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് സത്വരവും ഫലപ്രദവുമായ നടപടികളുണ്ടാവുന്നില്ല. രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ തീവ്രവാദ ശക്തികളോടുള്ള മനോഭാവം മനസ്സിലാക്കിയാണ് പോലീസ് അനാസ്ഥ കാണിക്കുന്നത്. അധികാരത്തിനുവേണ്ടി കടിപിടി കൂടുന്ന കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ഈ സാഹചര്യമാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുപോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് നിലമൊരുക്കുന്നത്. ഈ സ്ഥിതി തുടരാന്‍ അനുവദിച്ചാല്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരുമെന്നു മാത്രമല്ല, രാജ്യത്തിന്റെ ഐക്യവും ഭദ്രതയും വെല്ലുവിളിക്കപ്പെടുകയും ചെയ്യും. ഏതു നിലയ്ക്കും ഇത് ഒഴിവാക്കിയേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: