കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തന്‍ ചരിത്രമെഴുതാമെന്ന മോഹവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുന്നു. പരമ്പര വിജയം നിശ്ചയിക്കുന്ന മൂന്നാം ടെസ്റ്റ് കേപ്ടൗണിലെ ന്യുലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. ഇന്ത്യ ജയിച്ചാല്‍ അത് ചരിത്രമാകും. കാരണം ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 ന് കളി തുടങ്ങും.
പുറവേദനയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നത് ഇന്ത്യക്ക് ആശ്വാസമാകും. എല്ലാ കണ്ണുകളും ക്യാപ്റ്റനിലാണ്. രണ്ട് വര്‍ഷമായി ടെസ്റ്റില്‍ ഒരു സെഞ്ച്വറിപോലുമില്ലാത്ത വിരാട് കോഹ്ലി അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് വിജയം ഒരുങ്ങും. പരമ്പര നിലവില്‍ സമനിലയാണ് (1-1). ആദ്യ ടെസ്റ്റില്‍ ഇന്ത്യയും കോഹ്ലി വിട്ടുനിന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയും വിജയം നേടി.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇത് ‘സ്പെഷ്യല്‍ ടെസ്റ്റാണ്’ കരിയറിലെ 99-ാം ടെസറ്റ്. കൂടാതെ കോഹ്ലിയുടെ മകളുടെ ഒന്നാം ജന്മദിനം ഈ ടെസ്റ്റിനിടയ്ക്കാണ്. ഈ സ്പെഷ്യല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വിജയമൊരുക്കിയാല് അത് ചരിത്രവുമാകും- മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം.
1992 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ 22 ടെസ്റ്റുകള്‍ കളിച്ചു. നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. പതിനൊന്നെണ്ണം തോറ്റു. ഏഴു മത്സരങ്ങള്‍ സമനിലയായി. കേപ്ടൗണില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകള്‍ കളിച്ചു. ഇതില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. രണ്ട് ടെസ്റ്റുകള്‍ സമനിലയായി.
കേപ്ടൗണിലെ പിച്ചില്‍ വിജയം നേടാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തിളങ്ങണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറികള്‍ കുറിച്ച് ഫോമിലേക്കുയര്‍ന്നത് പ്രതീക്ഷ നല്കുന്നു. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും നല്ല തുടക്കം നല്കിയാല് ഇന്ത്യക്ക് മികച്ച സ്കോര്‍ പടുത്തുയര്‍ത്താം. ഇന്ത്യന്‍ ബൗളിങ് മികച്ചതാണ്. എന്നാല്‍ ഒന്നാം നമ്പറായ പേസര്‍ ജസ്പ്രീത് ബുംറ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കും. പകരം ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തുമെന്ന് കരുതാം. ആറടി ഉയരമുള്ള ഇഷാന്ത് ശര്‍മ്മയ്ക്ക് കേപ്ടൗണിലെ പിച്ചില്‍ മികവ് കാട്ടാനാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയുടെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍, റാസി വാന്‍ ഡെര്‍ ഡുസന്, ടെംമ്പാ ബാവുമ്മ എന്നിവരാണ് ബാറ്റിങ്ങളില്‍ അവരുടെ കരുത്ത്. ബൗളിങ്ങില്‍ പേസര്‍ കഗിസോ റബഡ, ലുങ്കി എന്‍ഗിഡി തുടങ്ങിയവരാണ് ശക്തികേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: