തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണറി ഡിലിറ്റ് നല്കാതിരിക്കാന് പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിസിയുടെ കത്ത് ലഭിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ തനിക്ക് മറുപടി ലഭിച്ചില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണം ഗൗരവതരമാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ ഡിലിറ്റ് ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് വിളിക്കണ്ടായെന്ന് കേരള വിസിയോട് പറഞ്ഞത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സര്‍ക്കാരുമായുള്ള കൂട്ടുക്കച്ചവടത്തെ കുറിച്ച് ഇനി കോണ്‍ഗ്രസുകാര്‍ക്ക് പോലും സംശയമുണ്ടാവില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചൂട്ടുപിടിക്കുകയാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥത ഗവര്‍ണര്‍ തുറന്ന് കാണിച്ചു. കേരളത്തിന്റെ ഭാവി തലമുറയെ ഇരുട്ടിലാക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി. ഉന്നത വിദ്യാഭ്യാസ മേഖല നിശ്ചലമായിരിക്കുന്നു. ഗവര്‍ണറെ പുകച്ച് പുറത്ത് ചാടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നിട്ട് സര്‍വ്വകലാശാലകളെ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രന് ആരോപിച്ചു.
വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞത് ഈ സര്‍ക്കാരിന് അര്‍ഹിച്ച സര്‍ട്ടിഫിക്കറ്റാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. ഇങ്ങനെയൊരു വൈസ് ചാന്‍സിലര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാവൂ. രണ്ട് വരി എഴുതാനറിയാത്ത സിപിഎമ്മിന് കുഴലൂത്ത് നടത്തുന്ന വിസിമാരാണ് നമ്മുടെ കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: