ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജുകളില്‍ വാര്‍ഡുകളിലേയ്ക്കുള്ള പ്രവേശന കവാടത്തില്‍ ഇലക്ട്രോണിക് സെന്‍സര്‍ ഉപയോഗിച്ചുള്ള (സൈ്വപ്) പ്രവേശന കവാടങ്ങള്‍ സ്ഥാപിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് വാര്ഡിനുള്ളിലേയ്ക് പ്രവേശിക്കണമെങ്കില്‍ സെന്‍സര്‍ സംവിധാനമുള്ള ഗേറ്റിലൂടെ മാത്രമേ കഴിയൂ.അതിനായി ജീവനക്കാര്‍ക്കും, രോഗികളുടെ കൂട്ടിരിപ്പ് കാര്‍ക്കും സൈ്വപ്കാര്ഡ് നല്‍കും. ഇതിലൂടെ അനധികൃതമായി ആരും അകത്തേയ്ക്ക് പ്രവേശിക്കാതിരുക്കുവാന് കഴിയുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ പല സ്ഥലങ്ങളിലുള്ള പ്രവേശന കവാടങ്ങള്‍ ഒഴിവാക്കി, പ്രവേശനത്തിനും പുറത്തേയ്ക്ക് പോകുവാനും ഓരോകവാടങ്ങള് മാത്രം മതിയെന്നും തീരുമാനിച്ചു.
സുരക്ഷാ ജീവനക്കാരെ കൂടുതലായി നിയമിച്ചതുകൊണ്ട് വലിയ പ്രയോജനമില്ല. രോഗികളുടെ കൂട്ടിരിപ്പുകാര്‍ പലരും സെക്യൂരിറ്റിക്കാര്‍ പറയുന്നത് അനുസരിക്കാതെ ഇവരെ മര്‍ദ്ദിക്കുന്നതും, അസഭ്യം പറയുന്നതും നിത്യസംഭവമാണ്. അതിനാല്‍ കൂടുതലായി സെക്യൂരിറ്റിക്കാരെ നിയമിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഗൈനക്കോളജി വാര്‍ഡില്‍ നിന്നും രണ്ടു ദിവസം പ്രായമായ നവജാത ശിശുവിനെ, ഡോക്ടറുടെ വേഷം ധരിച്ചെത്തിയ യുവതി തട്ടിക്കൊണ്ടുപോയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആശുപത്രി സന്ദര്‍ശിക്കുകയും, അന്വേഷണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പകരം ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യൂവാണ് അന്വേഷണ കമ്മീഷനായി എത്തിയത്. അദ്ദേഹം മടങ്ങിയ ശേഷം, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ റംല ബീവിയുമായാണ് ആശാ തോമസ് അവലോകന യോഗത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: