കൊല്ലം: ഇരുമ്പുപാലത്തില്‍ ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ. സുരേഷ് കുമാറിന് കൊല്ലം നിവാസികള്‍ കണ്ണീരോടെ വിട നല്‍കി. രാവിലെ ഒന്‍പത് മണിയോടെ പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഒന്‍പതു മുപ്പതോടെ എആര്‍ ക്യാമ്പിലും പത്തു മണിയോടെ അഞ്ചു വര്‍ഷമായി ജോലി ചെയ്തിരുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പൊതുദര്‍ശത്തിന് വച്ചു.
പതിനൊന്നോടെ മൃതദേഹം വീട്ടില്‍ എത്തിച്ചതോടെ ദുഃഖം അണപൊട്ടി ഒഴുകി. പ്രിയതമന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ ഭാര്യ ബിനു ഹൃദയം പൊട്ടുന്ന വേദനയോടെ തളര്‍ന്നു വീണു. മക്കളായ ഗായത്രിയും പ്രണവും പ്രാണനായ അച്ഛന് യാത്രമൊഴി നല്‍കുന്നത് കണ്ടുനില്‍ക്കാനാവാതെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും കണ്ണുകളില്‍ ഈറനണിഞ്ഞു.
മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലുള്ള നൂറു കണക്കിന് പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഗായകനും വലിയ സുഹൃദ് വലയത്തിനുടമയായ സുരേഷ് കുമാറിന്റെ വിയോഗം ഒരു നാടിന്റെ മുഴുവന്‍ വിങ്ങലായി മാറുകയായിരുന്നു.
പന്ത്രണ്ടരയോടെ വിലാപയാത്രയായി മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്ക് സിറ്റി പോലീസി കമ്മീഷണര്‍ ടി. നാരായണന്‍, എസിപി ജി.ഡി. വിജയകുമാര്‍, ഡിസിആര്‍ബി എസിപി എ. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. എ.ആര്‍. ക്യാമ്പില്‍ മന്ത്രിമാരായ ബാലഗോപാല്‍, ചിഞ്ചു റാണി, നൗഷാദ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കെ. മധു എന്നിവരും വീട്ടിലെത്തി മുകേഷ് എംഎല്‍എ, ബിന്ദുകൃഷ്ണ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐയും കേരള പൊലീസ് അസോസിയേഷന്‍ ഗായക സംഘത്തിലെ പ്രധാന ഗായകനുമായ മുളങ്കാടകം നടയ്‌ക്കാ വീട് പ്രണവത്തില്‍ എ. സുരേഷ്‌കുമാര്‍ (52) വാഹനാപകടത്തില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. പകല്‍ പതിനൊന്നരയോടെ ഇരുമ്പു പാലത്തിനു സമീപത്തായിരുന്നു അപകടം.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകവേ പിന്നാലെ വന്ന റെഡിമിക്‌സര്‍ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ സുരേഷ്‌കുമാറിന്റെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറി ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
അകലെ… അകലെ…വിങ്ങുന്നോരോര്‍മ്മയായി….
ഏവരുടെയും മനസ്സില്‍ വിങ്ങുന്നോരോര്‍മ്മയായി പ്രിയ ഗായകന്‍ കൂടിയായ എസ്‌ഐ സുരേഷ് കുമാര്‍ എരിഞ്ഞടങ്ങി. രാവിലെ മുതല്‍ നൂറുക്കണക്കിന് പേരാണ് അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ എത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സുഹൃത്തുകളും കലാകാരന്‍മാരും നാട്ടുകാരുമടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ മുളങ്കാടകം നടയ്‌ക്കാ വീട് പ്രണവത്തില്‍ എത്തിയത്.
സ്‌നേഹവും താളവും കൊണ്ട് ഈണമിട്ട സൗഹൃദ ബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു അന്ത്യയാത്രയിലെ കാഴ്‌ച്ച. വീട്ടില്‍ എത്തിയവര്‍ വിലാപയാത്രയായി മുളങ്കാടകം ശ്മശാനത്തില്‍ എത്തി പ്രിയപ്പെട്ടവന്റെ അവസായാത്രയിലും പങ്കുചേര്‍ന്ന് പിരിഞ്ഞു. സുരേഷിന്റെ അകലെ അകലെ നീലാകാശം എന്നാ ഗാനത്തിലെ വരികളിലെ അരികിലെന്റെ ഹൃദയാകാശം പോലെ അലതല്ലും രാഗതീര്‍ത്ഥമായി ഇനി പ്രിയപ്പെട്ടവരുടെ ഒര്‍മ്മയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: