തലപ്പുഴ: മഞ്ഞ് കിരണങ്ങളാല്‍ കുളിരണിഞ്ഞ് തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്ന്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശമായ ഇവിടം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വനം വകുപ്പിന്റെ ഒരു വരുമാന മാര്‍ഗ്ഗംകൂടിയാണ് മുനീശ്വരന്‍ കുന്ന് ഇപ്പോള്‍.
സമുദ്രനിരപ്പില്‍ നിന്നും ആയിരത്തോളം അടി ഉയരത്തിലാണ് കുന്ന് സ്ഥിതി ചെയ്യുന്നത്. ഇവിടെ മഞ്ഞിറങ്ങുന്നത് സഞ്ചാരികള്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല. ഊട്ടിക്ക് സമാനമായ മറ്റൊരു ഊട്ടി എന്നൊക്കെ വേണമെങ്കില്‍ പറയാം. കോടമഞ്ഞും തണപ്പുമെല്ലാം ആസ്വദിക്കാന്‍ നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്.
പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കൊവിഡിന്റെ അടച്ചിടലിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അറായിരത്തിനടുത്ത് ആളുകള്‍ ഈ മനോഹര കുന്നില്‍ പ്രദേശം കാണാന്‍ എത്തിയത്. മുതിര്‍ന്നവര്‍ക്ക് 45 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് നിരക്ക്. സൂര്യോദയവും അസ്തമയുമെല്ലാം ഇവിടെ നിന്നും കാണാന്‍ പ്രത്യേക ആകര്‍ഷണമാണ്. കുന്നില്‍ പ്രദേശമായതിനാല്‍ തന്നെ മാനന്തവാടിയും പരിസര പ്രദേശവുമെല്ലാം ആകാശ കാഴ്ചയോടെ ആസ്വദിക്കാനും കഴിയും.
പ്രദേശത്ത് തന്നെയുള്ള മുനീശ്വരന്‍ കോവില്‍ ക്ഷേത്രം ഇവിടെയെത്തുന്നവര്‍ക്ക് ഭക്തിയുടെ പ്രതീതിയും ഉളവാക്കും. വനം വകുപ്പ് കുറച്ചു കൂടി ഭൗതിക സാഹചര്യങ്ങളൊരുക്കിയാല്‍ വയനാടിന്റെ ഭൂപടത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി തലപ്പുഴയിലെ ഈ മുനീശ്വരന്‍ കുന്ന് മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക