പെരുങ്കടവിള: ആരോരുമറിയാതെ ശ്രീനാനാരായണഗുരുദേവന്റെ ശിഷ്യരില്‍ പ്രഥമഗണനീയനായ മഹാത്യാഗിയും സിദ്ധപുരുഷനുമായിരുന്ന ശിവലിംഗസ്വാമിയുടെ 104-ാമത് നിര്‍വാണദിനം കടന്നുപോയി. സ്വാമി ഗുരുദേവശിഷ്യത്വം സ്വീകരിച്ച അരുവിപ്പുറത്തും ശിവഗിരിയിലും മഹാസമാധി സ്ഥാനമായ ചാവക്കാട്ടും വിശേഷാല്‍ പൂജ, അനുസ്മരണപ്രഭാഷണം തുടങ്ങിയ പരിപാടികളോടെ സമാധിദിനം ആചരിച്ചു.
ജാതിചിന്തയും അയിത്തവും നിലനിന്നിരുന്ന കാലത്ത് അരുവിപ്പുറത്തിനടുത്ത് മാരായമുട്ടത്തെ നായര്‍തറവാട്ടില്‍ ജനിച്ച യുവാവ് ശ്രീനാരായണ ശിഷ്യത്വം വരിക്കുക എന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. യുവയോഗിയെ തൊട്ടുതീണ്ടിയെന്ന് ആരോപിച്ച് അദ്ദേഹത്തിന് ഗൃഹവിലക്കും നേരിടേണ്ടി വന്നു. ആ യുവാവാണ് പിന്നീട് ശിവലിംഗദാസനായി മാറിയത്. അരുവിപ്പുറം പ്രതിഷ്ഠയ്ക്കു മുമ്പ് ഗുരുദേവന് അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിലും കൊടിതൂക്കിമലയിലും തപോനിരതനായി കഴിയുന്ന കാലത്താണ് കേവലം 17കാരനായ കൊച്ചപ്പിപ്പിള്ളയെന്ന ശിവലിംഗദാസന്‍ യാദൃച്ഛികമായി ഗുരുവിനെ കാണുന്നതും പ്രഥമശിഷ്യനായി മാറുന്നതും. അരുവിപ്പുറം പ്രതിഷ്ഠക്കു കുറച്ചുനാള്‍ മുമ്പ് നെയ്യാറിലെ ശങ്കരന്‍കുഴിയുടെ തീരത്തുള്ള പാറപ്പുറത്തു ധ്യാനത്തില്‍ ഇരുന്ന യുവയോഗിയുടെ തപശ്ശക്തി ഉള്‍ക്കണ്ണില്‍ കണ്ട് തിരിച്ചറിയാന്‍ ആ യുവാവിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ഭക്ഷണം കൊണ്ടു നല്‍കുക മാത്രമല്ല ഒപ്പമിരുന്ന് അത് പങ്കിട്ടു കഴിക്കുകയും ചെയ്തിരുന്നു.
താന്‍ കൊടുത്ത ആഹാരം ഗുരുദേവന് കഴിച്ചപ്പോള്‍ ആ പുണ്യശാലിയായ യുവാവിന്റെ അന്തരാത്മാവില്‍ അത് സുകൃതമായി പെയ്തിറങ്ങി. യുവയോഗിക്കൊപ്പം ആഹാരം കഴിക്കുന്ന വിവരം വീട്ടില്‍ അറിഞ്ഞു. ഉപദേശമോ ശാസനയോ കൊണ്ട് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. സ്വയമേ ഈശ്വരോപാസകനായിരുന്ന ബാലന് യുവയോഗിയില്‍ ഈശ്വര ചൈതന്യം കണ്ടെത്തിയിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥ അനുസരിച്ചു ആ കുടുംബംതന്നെ ഊരുവിലക്കിനു വിധയമാകുന്ന പാതകം.
ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന് പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്സാക്ഷി ശിവലിംഗദാസനായിരുന്നു. അവസാനം ഊരുവിലക്ക് ഭയന്ന് വീട്ടുകാര്‍ ആ യുവാവിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ആധ്യാത്മിജീവിതം, ഗുരുദര്‍ശനപാതയില്‍. ഇതിഹാസ രൂപിയായ യുവയോഗിയുടെ അഭൗമമായ തേജസ്സിന്റെ മുന്നില്‍ യുവാവ് പൂര്‍ണമായി സമര്‍പ്പിച്ചു. ഗുരുദേവനില്‍ നിന്ന് നേരിട്ട് ആധ്യാത്മികശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള മഹാഭാഗ്യം ആ യുവാവിന് ലഭിച്ചു. മാത്രമല്ല സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യവും നേടി. ഗുരുദേവന് ശിവലിംഗദാസ സ്വാമി എന്ന പേരില്‍ സന്ന്യാസദീക്ഷ നല്കി അനുഗ്രഹിച്ചു. 1919 ജനുവരി എട്ടിന് ചാവക്കാട് വിശ്വനാഥ ക്ഷത്രാങ്കണത്തില്‍ വച്ച് ‘ഞാന്‍ നാളെ പോകും’ എന്ന് പ്രവചിച്ച് സ്വാമി നിര്‍വാണം പ്രാപിച്ചു. സ്വാമിയുടെ സമാധിസ്ഥലം ഇന്നൊരു തീര്‍ഥാടനകേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: