സിഡ്നി: വാലറ്റക്കാരുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിന് സമാനമായ സമനില. അവസാന ദിനത്തിലെ അവസാന പത്ത് ഓവറില്‍ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്‍ഡേഴ്സ് എന്നിവരുടെ ധീരമായ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തത്. 388 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇംഗ്ലണ്ട് അവസാന ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റിന് 270 റണ്‍സ് എടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡും (9) ആന്‍ഡേഴ്സണും (0) കീഴടങ്ങാതെ നിന്നു.
അവസാന ദിനത്തില്‍ തുടക്കം മുതലേ ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത് റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ സാക് ക്രോളി (77), ബെന്‍സ്റ്റോക്സ് (80) , ജോണി ബെയര്‍സ്റ്റോ (41) എന്നിവര്‍ ഒഴിച്ചുള്ള മുന്‍നിര ബാറ്റസ്മാന്മാര്ക്ക് തിളങ്ങാനായില്ല.
ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 237 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. പിന്നീട് ജാക്ക് ലീച്ച് കാഴ്ചവച്ച ഉശിരന്‍ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് കരകയറ്റിത്. നൂറാം ഓവറിലെ അവസാന പന്തില്‍ ജാക്ക്് ലീച്ച് (26) പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാന്‍ രണ്ട് ഓവര്‍ കൂടി പിടിച്ചുനില്ക്കണമായിരുന്നു. പതിനൊന്നാമായി ക്രീസിലെത്തിയ ജെയിംസ് ആന്‍ഡേഴ്സണെ കൂട്ടുപിടിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിനെ കരകയറ്റി.
ഓസീസിനായി സ്കോട് ബോളാണ്ട് മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നാഥന് ലിയോണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഓസീസ് ബാറ്റ്സ്മാന് ഉസ്മാന് ഖവാജയാണ് കളിയിലെ കേമന്‍. ആദ്യ മൂന്ന് ടെസ്്റ്റിലും വിജയിച്ച ഓസ്ട്രേലിയ പരമ്പര നേടിക്കഴിഞ്ഞു. അവസാന ടെസ്്റ്റ് ഹോബാര്‍ട്ടില്‍ വെള്ളിയാഴ്ച ആരംഭിക്കും.
സ്കോര്‍: ഓസ്ട്രേലിയ എട്ട് വിക്കറ്റിന് 416 (ഡിക്ലയേര്‍ഡ്), ആറു വിക്കറ്റിന് 265 (ഡിക്ലയേര്‍ഡ്), ഇംഗ്ലണ്ട്: 294, ഒമ്പത് വിക്കറ്റിന് 270
പ്രതികരിക്കാൻ ഇവിടെ എഴുതുക: