ന്യൂദല്‍ഹി: രാജ്യവിരുദ്ധത വളര്‍ത്താന്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ നടപടിയെടുത്ത് ദല്‍ഹി പോലീസ്. സിഖ് സമൂഹത്തെ ഇല്ലാതാക്കാന്‍ ക്യാബിനെറ്റ് യോഗത്തില്‍ ചര്‍ച്ച നടത്തിയെന്ന വീഡിയോകളാണ് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചത്.
നിലവില്‍ ഇന്ത്യന്‍ സൈന്യത്തിലുള്ള എല്ലാ സിഖ് സൈനികരെയും സര്‍ക്കാര്‍ നീക്കം ചെയ്യാന്‍ പദ്ധതിയിടുന്ന തരത്തിലുള്ള വീഡിയോകളാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പ്രചരിച്ചത്. രാജ്യത്ത് വര്‍ഗീയത വളര്‍ത്താനും ശത്രുത ഉണ്ടാക്കാനും വേണ്ടിയാണ് ട്വിറ്ററിലൂടെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചതെന്നും ദല്‍ഹി പോലീസ് അറിയിച്ചു. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ച 46 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റ് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചതിന് ശേഷം നടത്തിയ യോഗത്തിന്റെ വീഡിയോയാണ് വ്യാജ പ്രചാരണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ശബ്ദം മോര്‍ഫ് ചെയ്തുകൊണ്ട്, സിഖ് സമൂഹത്തിന് എതിരാണിത് എന്ന് വരുത്തിത്തീര്‍ക്കാനാണ് രാജ്യവിരുദ്ധര്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യതക്തമാക്കി.
2021, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയിലാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പാകിസ്താനില്‍ നിന്നുള്ള സിംഗിള്‍ ബ്രൗസര്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: