മനോജ് ചാരുംമൂട്
മഴയോടു ചോദിച്ചു
മഴ പറഞ്ഞു മിഴിനീരായി
തൂകിപ്പോയെന്ന്
പുഴയോടു ചോദിച്ചു
പുഴ പറഞ്ഞു
മലിനമായോങ്ങോട്ടോ
ഒഴുകിയകന്നെന്ന്
കാറ്റിനോടു ചോദിച്ചപ്പോള്‍
പറന്ന മണല്‍ത്തരികളെ
ചൂണ്ടിക്കാട്ടിയെങ്ങോ പോയി
മണല്‍ത്തരിയോടു
ചോദിച്ചപ്പോള്‍
വെയിലിനോടു ചോദിക്കാന്‍
ഉണങ്ങിക്കരിഞ്ഞെങ്ങോ
കിടപ്പുണ്ടെന്നു വെയില്
രാത്രിയോടു ചോദിച്ചപ്പോള്‍
നക്ഷത്ര വെട്ടങ്ങളിലേക്കു
കണ്ണെറിഞ്ഞു മൗനമായി
ഇരുളെറിഞ്ഞു
മലയോടു ചോദിച്ചപ്പോള്‍
തുരന്നെറിഞ്ഞെന്നു
ഒരേ കരച്ചില്
മരങ്ങളോടു ചോദിച്ചപ്പോള്‍
ഉണങ്ങിയ ചില്ലകളില്‍
ഇനി പ്രതീക്ഷയില്ലെന്ന്
നടന്നു തളര്ന്നവന്
അന്യനോടു ചോദിക്കും
മുന്‍പേ മനസ്സു പറഞ്ഞു
ഹൃദയമില്ലാത്തവരുടെ
ലോകത്തിലിനി
നിന്റെ ഹൃദയം നീ
തേടുന്നതെന്തിനെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: