മനുഷ്യന്റെ ജനിതക രഹസ്യം അറിയാന്‍ എത്ര എളുപ്പമാണ്. പരമാവധി ഒരു ഡിഎന്‍എ പരിശോധന വേണ്ടിവന്നാല്‍ വിരലടയാളവും നേത്രപടലവുമൊക്കെ നോക്കാം. പക്ഷേ നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ജന്മരഹസ്യമറിയാന്‍ തല്ക്കാലം എളുപ്പവഴികളൊന്നുമില്ല. പ്രപഞ്ചത്തിന്റെ തുടക്കവും പഴക്കവും രാസഘടനയുമൊക്കെ അറിയാന്‍ പിന്നെ എന്താണ് മാര്‍ഗം. അതിനാണ് നന്നായി പണം ചെലവു ചെയ്ത് ഒരു കക്ഷിയെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്തേയ്ക്കയച്ചത്. 2021 ലെ ക്രിസ്മസ് ദിനത്തില്‍ ആകാശത്തേക്ക് കുതിച്ച കക്ഷിയുടെ പേര് ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും കരുത്തേറിയ ആകാശദര്ശിനിയാണ് ജയിംസ്വെബ്. 1990 ല്‍ പ്രപഞ്ച പഠനത്തിന് നാം തൊടുത്തുവിട്ട ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ നൂറിരട്ടി കരുത്തുണ്ട്. ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ മുപ്പത് വര്‍ഷത്തെ ഈ അധ്വാനത്തിന് ചെലവ് 1000 കോടി ഡോളര്‍. അതായത് 70000 കോടി രൂപ. ഏഴായിരം കിലോ ഭാരമുള്ള ഇയാള്‍ക്ക് 10 വര്‍ഷമാണ് ആയുസ്സ്. ദൂരദര്‍ശിനിയുടെ പ്രധാന ഭാഗമായ കണ്ണാടിയുടെ വ്യാസം ആറര മീറ്ററാണെന്നും അറിയുക.
മനുഷ്യന്റെ ചന്ദ്രയാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ശാസ്ത്രജീവിതം ഉഴിഞ്ഞുവച്ച ‘നാസ’യുടെ മേധാവി ജെയിംസ് വെബിന്റെ പേരാണ് ആകാശ ദൂരദര്‍ശിനിക്ക് നാസ നല്‍കിയത്. നാസയുടെ രണ്ടാമത്തെ മേധാവി 1961 മുതല്‍ എട്ട് വര്‍ഷക്കാലം നാസയെ നയിച്ച ചന്ദ്രയാത്രയുടെ അമരക്കാരനായിരുന്നു ജയിംസ് വെബ്.
സിലിക്കണ്‍ ലോഹത്തിന്റെ പാളികളും ക്രിപ്ടോണ്‍ ആവരണവുമൊക്കെ സുരക്ഷിതത്വമൊരുക്കുന്ന ജെയിംസ് വെബിന്റെ പ്രത്യേകത അസാമാന്യമായ ഇന്‍ഫ്രാറെഡ് സംവേദകത്വമാണ്. ചൂടുള്ള അന്തരീക്ഷത്തെ കണ്ടെത്താനുള്ള അസാമാന്യ സിദ്ധിയുമുണ്ട്. നാസയ്ക്കു പുറമെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ സഹകരണത്തോടെ രൂപമെടുത്ത ഈ ദൂരദര്‍ശിനി ഫ്രഞ്ച് ഗയാനില്‍ നിന്നാണ് ക്രിസ്മസ് നാളില്‍ കുതിച്ചുയര്‍ന്നത്. യൂറോപ്പിന്റെ കരുത്തനായ അരിയാനെ-5 റോക്കറ്റിന്റെ ശക്തിയില്‍.
ആകാശ ദര്ശിനിയുടെ പ്രധാന ലക്ഷ്യം പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെയും പരിണാമത്തെയും പഠന വിധേയമാക്കുക തന്നെ. ഏതാണ്ട് 13.5 ശതകോടി (1350 കോടി) വര്ഷത്തിനപ്പുറത്തേക്ക് ഒരു സമയ യന്ത്രത്തെപ്പോലെ കടന്നുചെന്ന് പഠിക്കുക. പ്രപഞ്ച ഉത്പത്തിക്കു കാരണമായ മഹാസ്ഫോടനത്തോടെ പ്രപഞ്ചവും ഗാലക്സികളും രൂപമെടുത്തത് എങ്ങനെയെന്ന് അന്വേഷിച്ചറിയുക. വാതകധൂളികള് വിശകലനം ചെയ്ത് സ്ഫോടനശേഷം സംഭവിച്ച രാസഘടനയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുക. ഇതര വിദൂര ഗ്രഹങ്ങളിലെ അന്തരീക്ഷം, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ സാന്നിധ്യം. തമോഗര്‍ത്തങ്ങളുടെ ഘടന, ഡാര്‍ക്ക് മാറ്റര്‍ അഥവാ ഇരുണ്ട പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം എന്നിവയൊക്കെ ജയിംസ് വെബിന്റെ അജണ്ടയിലെ പരിഗണനാ വിഷയങ്ങളാണ്.
ജയിംസ് വെബ് ലക്ഷ്യത്തിലെത്താന്‍ കണക്കാക്കിയിട്ടുള്ളത് 30 ദിവസങ്ങളാണ്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവാന് 180 ദിനങ്ങളും നിരവധി തരം അത്യാധുനിക ഉപകരണങ്ങളും സ്പെക്ട്രോ സ്കോപ്പുകളും ഘടിപ്പിച്ചിട്ടുള്ള ഈ ആകാശദര്ശിനിക്ക് തകരാറ് വന്നാല്‍ പിന്നെ തിരുത്താന്‍ വഴി തീരെയില്ല. കാരണം ഇത് എത്രയോ അകലെയാണ് ഭ്രമണം നടത്തുന്നത്. ഹബിള്‍ ടെലിസ്കോപ്പ് ഭൂമിയില്‍നിന്നും 560 കിലോമീറ്റര്‍ അകലെ ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നതെങ്കില്‍ ജയിംസ് വെബ് ഭൂമിയില്‍നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനെയാണ് പ്രദക്ഷിണം ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള ഹിമാനികള്‍ ഉരുകിയൊലിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാരണം കാലാവസ്ഥ മാറ്റം മൂലം സംഭവിക്കുന്ന ആഗോളതാപനം വമ്പന്‍ കൊടുമുടികളില്‍ വെള്ളത്തൊപ്പിപോലെ ശോഭിക്കുന്ന മഞ്ഞ് പാളികള്‍ ഒലിച്ചിറങ്ങുകയാണ് ഒ.കെ. ഹിമാനി അടക്കം പല മഞ്ഞുപാളികളും ഓര്‍മയായിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് സ്വിറ്റ്സര്‍ലന്റിലെ ശാസ്ത്രജ്ഞരും സന്നദ്ധ പ്രവര്‍ത്തകരും മൗണ്ട് ടിറ്റ്ലിസിലെ കൂറ്റന്‍ ഹിമാനിയെ രക്ഷിച്ചു നിര്‍ത്താന്‍ രംഗത്തിറങ്ങിയത്. അവര്‍ ടിറ്റ്ലസ് കൊടുമുടിയിലെ ഹിമാനിയെ പുതപ്പിക്കാന്‍ തീരുമാനിച്ചു. അന്തരീക്ഷത്തില്‍ നിന്ന് പ്രസരിക്കുന്ന ചൂടിനെ അതേ രീതിയില്‍ തിരിച്ച് പ്രതിഫലിപ്പിക്കാനും ഉള്ളിലെ തണുപ്പ് സംരക്ഷിക്കാനും കരുത്തുറ്റ പ്രത്യേക തരം പോളിസ്റ്റര്‍ പുതപ്പാണ് സ്വിറ്റ്സര്‍ലന്റിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. ഇതിനോടകം അവര്‍ പുതപ്പില്‍ കയറ്റിയത് ഒരുലക്ഷം ചതുരശ്ര മീറ്റര്‍ ഹിമാനിയെ. അതായത് 14 ഫുട്ബോള്‍ മൈതാനത്തിന്റെ വിസ്തൃതി ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ സ്ഥലത്തെ മഞ്ഞ് പാളിയെ പുതപ്പില്കയറ്റി രക്ഷിക്കുകയാണ് ലക്ഷ്യം.
പോളിസ്റ്റര്‍ പുതപ്പ് കൊണ്ട് മഞ്ഞുരുകല്‍ 70 ശതമാനംവരെ കുറക്കാനാകുമെന്നാണ് ഹിമാനി വിദഗ്ദ്ധര്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 10.623 അടി ഉയരമുള്ള ടിറ്റ്ലിസ് കൊടുമുടിക്കു പുറമെ മറ്റ് ഏഴ് ഹിമാനികളെക്കൂടി പുതപ്പിട്ട് രക്ഷിക്കാനുള്ള ശ്രമം സ്വിറ്റ്സര്‍ലന്റില്‍ നടന്നുവരികയാണ്. സ്വിറ്റ്സര്‍ലന്റില്‍ 1500 ഹിമാനികള്‍ ശേഷിക്കുന്നുണ്ടത്രേ. അവയില്‍ 90 ശതമാനവും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉരുകിയൊലിച്ച് ഇല്ലാതാവുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. ആഗോളതാപനത്തില്‍ കുറവ് സംഭവിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളത്രേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: