കൊച്ചി : ആദായ നികുതി വകുപ്പ് ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ തെരച്ചില്‍ 230 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. എറണാകുളം, കോട്ടയം ജില്ലകളിലെ പാറമട ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇത് കൂടാതെ പല സ്ഥലങ്ങളിലായി 120 കോടിയുടെ ബിനാമി നിക്ഷേപം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും കസ്റ്റഡിയിലെടുത്തു. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്സ്, ഇലഞ്ഞിയിലെ ലക്ഷ്വറി ഗ്രൈനൈറ്റ്സ്, നെടുകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്സ്, കോതമംഗലത്തെ വ്യവസായി റോയ് കുര്യന് തണ്ണിത്തോടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, വാളകത്തെ കരാറുകാരനായ കാവികുന്നില്‍ പൗലോസ് എന്നിവരുടെ വീടുകളും ഓഫീസും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഇതില്‍ ലക്ഷ്വറി ഗ്രാനൈറ്റ്സിന്റെ പുറത്തായി നിര്‍ത്തിയിട്ടിരുന്ന കേടായ ലോറിക്കുള്ളില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. ഇവിടുത്ത ചില ജീവനക്കാര്‍ എടുത്തുകളഞ്ഞ പെന്‍ഡ്രൈവുകളും സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. റോയല്‍ ഗ്രാനൈറ്റ്സിലെ പരിശോധന നടത്തുന്നതിനിടെ രേഖകള്‍ ക്ലോസറ്റിലൂടെ ഒഴുക്കി കളയാനും ശ്രമം നടത്തി.
ഇവര്‍ കണക്കുകളില്പ്പെടുത്താതെ വിവിധ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും പാറപൊട്ടിച്ച് കയറ്റി വിട്ടതായി കണ്ടെത്തിയിട്ടുണ്ട്. വന്‍ തുകകളാണ് ഇത്തരത്തില്‍ നികുതി വെട്ടിച്ച് ഇവര്‍ നേടിയത്. ഇവര്‍ക്ക് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ഉണ്ടോയെന്നും പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ക്വാറി ഉടമകളുടെ ഫോണും മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: