വടക്കഞ്ചേരി: വീട് വിട്ടിറങ്ങിയ നാല്‍വര്‍ സംഘം ഒരു രാത്രി മുഴുവന്‍ പോലിസിനെ വട്ടം കറക്കി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപാറ പട്ടികവര്‍ഗ്ഗ കോളനിയിലെ 10ഉം, 12ഉം, 13ഉം വയസുള്ള നാല് ആണ്‍കുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്റെ ഉറക്കം കെടുത്തിയത്.
രാത്രിയായിട്ടും കുട്ടികള്‍ വീട്ടിലെത്താതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. എസ്‌ഐ: നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ മംഗലംഡാം പോലീസും ഡെപ്യൂട്ടി റെയിഞ്ചര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പും രാത്രി പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നെല്ലിക്കോട് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് 12ഉം 10ഉം പ്രായക്കാരായ സഹോദരങ്ങളും അയല്‍വാസികളായ രണ്ടുപേരും കോളനി വിട്ടിറങ്ങിയത്. പകല്‍ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിന്‍കാട്ടിലിരുന്ന് വൈകിട്ടാണ് മംഗലംഡാം ടൗണിലെത്തിയത്.
അച്ഛന് കൊടുക്കാന്‍ ഒരാള്‍ ഏല്‍പിച്ച 150 രൂപ ഒരുകുട്ടിയുടെ കൈവശമുണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോട്ടലില്‍ വന്ന് പൊറോട്ട കഴിച്ചപ്പോള്‍ ഇവര്‍ വന്ന കാര്യം ഹോട്ടലുടമ അന്വേഷിച്ചു. തങ്ങളിവിടെ കളിക്കാന്‍ വന്നതാണെന്നും രാത്രിയായതിനാൽ മരുതംകുളമ്പിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് പറഞ്ഞത്. മരുതംകുളമ്പ് അടുത്ത സ്ഥലമായതുകൊണ്ട് ഹോട്ടലുടമക്കും അസ്വാഭാവികത തോന്നിയില്ല.
വടക്കേകളം വെയിറ്റിങ് ഷെഡിന്റെ പിന്നിലാണ് രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ മുടപ്പല്ലൂര്‍ ഭാഗത്തേക്ക് മെയിന്‍ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പിന്നീട് മംഗലംഡാം സ്റ്റേഷനിലെത്തിച്ചു. ആലത്തൂര്‍ തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്‍, മംഗലംഡാം സിഐ: കെ.ടി. ശ്രീനിവാസന്‍, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ സി. രാജലക്ഷ്മി, വാര്‍ഡ് മെമ്പര്‍ രേഷ്മ അഭിലാഷ് എന്നിവര്‍ സ്ഥലത്തെത്തി. വീട് വിട്ടിറങ്ങി വരാനുള്ള സാഹചര്യം ചോദിച്ചറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: