പാലക്കാട്: നഗരസഭയെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും, നഗരസഭാ പരിധിയില്‍ വന്‍കിട കമ്പനിയായ റിലയന്‍സിന് കേബിള്‍ വലിക്കാന്‍ അനുമതി നല്‍കിയത് റദ്ദാക്കിയ തീരുമാനത്തില്‍ ഉറച്ചുനില്ക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുടിശ്ശികയിനത്തില്‍ പ്രസ്തുത കമ്പനി നഗരസഭക്ക് ഒമ്പതുകോടി രൂപയോളം നല്‍കാനുള്ള സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്. കേബിള്‍ വലിക്കാന്‍ കമ്പനി നഗരസഭയില്‍ കെട്ടിവച്ച 2.61 കോടി രൂപ കുടിശ്ശികയിനത്തിലേക്ക് വകയിരുത്താന്‍ കഴിയുമോ എന്നകാര്യം പരിശോധിക്കും.
പ്രസ്തുത കമ്പനി പാപ്പരായെന്നും തുക ലഭിക്കാനുള്ളവര്‍ വിദഗ്ധസമിതിയെ സമീപിക്കണമെന്നും മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച വൈസ്ചെയര്‍മാന്‍ അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ നഗരസഭാധികൃതര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് പരിശോധിച്ചതില്‍ 3,61,000 രൂപയാണ് കിട്ടാനുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത തുക ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം 1,56,125 രൂപയാക്കി കുറച്ച് അടച്ചിട്ടുണ്ടെന്നും രേഖകളിലുണ്ടെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു.
നഗരസഭയെയും, ട്രാഫിക് അഡൈ്വസറി ബോര്‍ഡിനെയും നോക്കുകുത്തിയാക്കി ട്രാഫിക് പോലീസ് നഗരത്തില്‍ പരിഷ്കാരം നടപ്പാക്കുകയാണെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സ്ഥാപനങ്ങളുടെ പരസ്യങ്ങളുള്ള ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരസഭക്ക് ഒരു രൂപ വാടകലഭിക്കുന്നില്ലെന്നും കൗണ്‍സിലര്‍ പി. സ്മിതേഷ് ആരോപിച്ചു. കോട്ടമൈതാനം അഞ്ചുവിളക്ക് മുതല്‍ എസ്ബിഐ ജങ്ഷന് വരെ ഡിവൈഡറുകള്‍ സ്ഥാപിച്ചത് മൂലം ആശുപത്രയിലേക്കും, നഗരസഭയിലേക്കും, സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അടിയന്തരമായി കത്തുനല്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് മുന്നിലെ അനധികൃതപാര്‍ക്കിങ് പരിഹരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ചര്‍ച്ച നടത്തും.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കുറ്റകൃത്യങ്ങള്‍, മാലിന്യനിക്ഷേപം എന്നിവ തടയാനും, പിടികൂടാനും നഗരസഭയിലെ 55 കേന്ദ്രങ്ങളിലായി 177 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി യോഗത്തില്‍ തര്‍ക്കം. പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്നും, അനുമതി നല്‍കരുതെന്നും, പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ക്യാമറ സ്ഥാപിക്കുന്ന കമ്പനിതന്നെ 10 വര്‍ഷം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിബന്ധനയെന്ന് വൈസ് ചെയര്മാന് അഡ്വ: ഇ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. പണി നടന്നില്ലെങ്കില്‍ നഗരസഭക്ക് ഫണ്ട് നഷ്ടപ്പെടും. കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരസ്യബോര്‍ഡ് വയ്ക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനും, ഫയല്‍ പരിശോധിച്ച് 10 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. വിവിധ ഭവനപദ്ധതികളുടെ ഈടുകാലാവധി കഴിഞ്ഞ ഉടമസ്ഥര്‍ക്ക് പ്രമാണങ്ങള്‍ തിരിച്ചുനല്‍കും.
കാലിക്കറ്റ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ശേഖരീപുരം ഗണേഷ് നഗറിലൂടെ കടന്നുപോകുന്ന റോഡിന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് കൗണ്‍സിലര്‍ പി. സ്മിതേഷ് ആവശ്യപ്പെട്ടത് കൗണ്‍സില്‍ അംഗീകരിച്ചു.
15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിച്ച സാഹചര്യത്തില്‍ സ്കൂളുകളില്‍ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കാന്‍ ഡിഎംഒയോട് ആവശ്യപ്പെടും. നഗരസഭാ പ്രവര്‍ത്തനം ക്യാമറാ നിരീക്ഷണത്തിലാക്കും. ഏജന്റുമാരുടെ അമിത ഇടപെടലുകള്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: