ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണസംഘം വിളിച്ചുവരുത്തിയ പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ഛതോപാധ്യായയെ ആ സ്ഥാനത്ത് വാഴിച്ചത് നവജോത് സിങ് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായ നവജോത് സിങ് സിദ്ദു സ്വന്തം ഇഷ്ടപ്രകാരമാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി നിര്‍ദേശിച്ചയാളെ മറികടന്ന് സ്വന്തം താല്പര്യമുള്ളയാളെ പഞ്ചാബ് ഡിജിപി ആക്കിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സോണിയാഗാന്ധിയുള്‍പ്പെടെ പഞ്ചാബ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ നവജോത് സിങ് സിദ്ദു മാത്രം പ്രധാനമന്ത്രിയെ പരിഹസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ അദ്ദേഹം റാലിയില്‍ ആളില്ലാത്തതിനാല്‍ സുരക്ഷാവീഴ്ചയെന്ന കാരണമുണ്ടാക്കി പ്രധാനമന്ത്രി തടിതപ്പുകയായിരുന്നു എന്ന രീതിയില്‍ നിസ്സാരമായാണ് സിദ്ദു ഈ പ്രശ്നത്തെ വ്യാഖ്യാനിച്ചത്. മാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ച്, കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഈ പ്രശ്നത്തില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് സിദ്ദുവാണ്.
പഞ്ചാബ് ഡിജിപിയില്‍ നിന്നും ആവശ്യമായ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് ഫിറോസ്പൂറിലെ ഹുസൈനിവാലയിലേക്ക് പ്രധാനമന്ത്രിയുടെ അകമ്പടിവാഹനങ്ങള്‍ പോയിത്തുടങ്ങിയതെന്ന് ആഭ്യന്തരമന്ത്രാലയം വാദിക്കുന്നു. അതിന് ശേഷം ഹുസൈനിവാലയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഫ്ളൈ ഓവറില്‍ വെച്ച് 20 മിനിറ്റോളം മോദിയുടെ വാഹനം കുടുങ്ങിയ സംഭവം പഞ്ചാബ് പൊലീസിന്റെ സുരക്ഷാവീഴ്ച തന്നെയാണെന്ന സംശയമാണ് ബലപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ യാത്രാപദ്ധതി വളരെ മുന്‍പേ തന്നെ പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാദിക്കുന്നു. സംസ്ഥാനത്തെ പൊലീസാണ് സുരക്ഷ, യാത്രാപരിപാടി, അവിചാരിതപ്രശ്നങ്ങളുണ്ടായാല്‍ രക്ഷപ്പെടാനുള്ള പദ്ധതി എന്നിവ തയ്യാറാക്കേണ്ടത്. കോണ്‍ഗ്രസിന്റെ പത്രമായ നാഷണല്‍ ഹെറാള്‍ഡ് കുറ്റം എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളില്‍ നിന്നും വെടിയുതിര്‍ക്കാവുന്ന റേഞ്ചിനുള്ളിലാണെന്ന ആശങ്കാകുലമായ സാഹചര്യം അവിടെയുണ്ടായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും വെറും 10 കിലോമീറ്റര്‍ മാത്രം അകലയാണ് ഈ ഫ്ളൈ ഓവര്‍. പാകിസ്ഥാന് അവരുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന പീരങ്കികളുടെ റേഞ്ച് 35 കിലോമീറ്റര്‍ വരെയാണ്. എന്നിട്ടും സുരക്ഷാ പ്രശ്നങ്ങളില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി അവകാശപ്പെടുന്നത്.
സുരക്ഷാ ചുമതലയുടെ ചുക്കാന്‍ പിടിക്കുന്ന പഞ്ചാബ് ഡിജിപി 1986ലെ ഐപിഎസ് ബാച്ചിലെ സിദ്ധാര്‍ത്ഥ് ചതോപാധ്യായയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സിദ്ദുവിന്റെ പിടിവാശി മൂലമാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും ആഭ്യന്തരമന്ത്രി സുക്ജിന്ദര്‍ റന്ധാവയും ഇക്ബാല്‍ പ്രീത് സിങ് സഹോതയെ പഞ്ചാബ് ഡിജിപി ആക്കാനാണ് തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം അദ്ദേഹത്തെ ഡിജിപിയാക്കുകയും ചെയ്തു. പിന്നീട് സിദ്ദുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കൂടി പിന്തുണയോടെ ഡിസംബര്‍ 17ന് ഇഖ്ബാല്‍ പ്രീത് സിങ് സഹോതയെ മാറ്റി അവിടെ സിദ്ധാര്‍ത്ഥ് ചതോപാധ്യായയെ വാഴിക്കുകയായിരുന്നു. തന്റെ ലക്ഷ്യം സാധിച്ചെടുക്കാന്‍ സിദ്ദു ഒരു രാജി നാടകവും നടത്തി. എന്നാല്‍ സിദ്ധാര്‍ത്ഥ് ചതോപാധ്യായയെ താല്‍ക്കാലിക ഡിജിപിയായി നിയമിച്ചതോടെ സിദ്ദു രാജി പിന്‍വലിക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുമുതല്‍ ഡിജിപി സ്ഥാനത്തേക്ക് സിദ്ധാര്‍ത്ഥ് ചതോപാധ്യായയെ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു സിദ്ദു. സിദ്ദുവിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: