കോട്ടയം : നഗര മധ്യത്തില്‍ തമ്മിലടിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. നഗര മധ്യത്തില്‍ തിരുനക്കര മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയ്ക്ക് ശേഷം പിരിഞ്ഞ് പോകാനിറങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് കോട്ടയം നഗര മധ്യത്തില്‍ ഏറ്റുമുട്ടിയത്.
കടുത്തുരുത്തിയിലെയും നാട്ടകം പോളിടെക്നിക്കിലെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ജോസ്കോ ജുവലറിയ്ക്ക് മുന്നില്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി. അര മണിക്കൂറോളം കോട്ടയം നഗര മധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അതിരൂക്ഷമായ സംഘര്ഷവുണ്ടായിട്ടു പോലും പൊലീസ് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. മുതിര്‍ന്ന എസ്എഫ്ഐ നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒതുക്കി തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: