കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷത്തിലെത്തിയ ഒരു സ്ത്രീ മെഡിക്കല്‍ കോളേജില്‍ നിന്നും കടത്തികൊണ്ടുപോയത്.
നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍ ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലല്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യത് വരുകയാണ്. ഈ സ്ത്രീം ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
മന്ത്രി വി.എന്‍ വാസവന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കാര്യങ്ങള്‍ തിരക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തട്ടികൊണ്ടു പോകലിനു പിന്നില്‍ ഒരാള്‍ മാത്രം ആയിരിക്കാന്‍ വഴിയില്ലെന്നു മറ്റു ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: