കൊല്ലം: ബ്രൗണ്‍ഷുഗറും കഞ്ചാവും എംഡിഎംഎ ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ കൊല്ലത്തിന്റെ തീരദേശമേഖലയെ വരിഞ്ഞ് മുറുക്കുന്നു. കഞ്ചാവിന്റെ ഉപയോഗം തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ നേരത്തെ തന്നെ വ്യാപകമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ സ്ഥാനത്തേക്ക് വില കൂടിയ ബ്രൗണ്‍ഷുഗറും, ചരസും എംഡിഎംഎയും മറ്റ് സിന്തറ്റിക്ക് ഉല്പന്നങ്ങളുമെത്തി. ഇവ സുലഭമായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് മാറി.
അധ്വാനശീലരായ യുവാക്കളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മയക്കുമരുന്നിലൂടെ കവര്‍ന്നെടുക്കാന്‍ രഹസ്യശൃംഖല തീരദേശമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. തീരപ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി പോലീസിന്റെ നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.
കാപ്പില്‍ മുതല്‍ കൊല്ലം വരെയുള്ള തീരദേശത്ത് മാത്രം അഞ്ഞൂറോളം ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ ഉള്ളതായാണ് എക്സൈസ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പലരും കഞ്ചാവില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എംഡിഎംഎ എന്നിവയിലേക്കുളള മാറ്റമാണ് അടുത്ത കാലത്തായി പ്രകടമായിരിക്കുന്നത്. പലരും കഞ്ചാവ് കച്ചവടത്തില്‍ നിന്നും കൂടുതല്‍ ലാഭം കിട്ടുന്ന മറ്റ് ലഹരിവില്‍പ്പനയിലേക്ക് മാറി കഴിഞ്ഞു. വീടുകള്‍ മുതല്‍ ചായക്കടകള്‍ വരെ നീളുന്നതാണ് കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍.
സമീപ ജില്ലകളില്‍ നിന്നെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ കൊല്ലം കോളേജ് ജംഗ്ഷന്, ആശ്രമം മൈതാനം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. നൂറ് മുതല്‍ 250 രൂപ വരെയുളള ചെറിയ പൊതികളാണ് വില്‍പ്പനയ്ക്കായി സജ്ജമാക്കുക. കൂട്ടം കൂടി സമയം ചെലവിടുന്ന യുവാക്കള്‍ക്കിടയിലാണ് ഇവരുടെ പ്രവര്‍ത്തനം.
യുവാക്കളിലും കൗമാരക്കാരിലും പ്രലോഭനങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ താല്പ്പര്യമുണ്ടാക്കുന്നതാണ് ലഹരിമാഫിയയുടെ തന്ത്രം. ഇതിനായി തുടക്കത്തില്‍ കഞ്ചാവ് നിറച്ച ബീഡികള്‍ സൗജന്യമായി നല്‍കും. കഞ്ചാവ് ഉപയോഗിച്ചവരില്‍ ആരെങ്കിലും പിന്മാറാന് ശ്രമിച്ചാല്‍ അവരെ കൂടുതല്‍ പ്രലോഭനങ്ങളിലൂടെ തളച്ചിടും. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെയാണ് പുതിയ ഉത്പന്നമെന്ന പരിചയപ്പെടുത്തലോടെ ബ്രൗണ്‍ഷുഗറും എംഡിഎംഎയും പരീക്ഷിച്ചത്. ഉപയോഗിക്കേണ്ട രീതി ഇവര്‍ തന്നെ പഠിപ്പിക്കും. കഞ്ചാവിനേക്കാള്‍ വന്‍ ലാഭം മുന്തിയ ഇനം മയക്കുമരുന്നുകളുടെ കച്ചവടത്തിലൂടെ ലഭിക്കും. ഇതുകാരണം ചില്ലറ വില്‍പ്പനക്കാര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞു.
തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഉല്പന്നങ്ങളുടെ വില്‍പ്പന വ്യാപകമെങ്കിലും ഇതിനെതിരെ പോലീസ് നടപടി യില്ലെന്നതാണ് യാഥാര്‍ഥ്യം. ഈ സാമൂഹ്യവിപത്തിനെ പ്രതിരോധിക്കാനും കാര്യക്ഷമമായ ഇടപെടലില്ല.
കൊല്ലം കോളേജ് ജങ്ഷനണ്ടും മുണ്ടയ്ക്കലും കേന്ദ്രമാക്കിയുള്ള കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ ഇടയ്ക്കിടെ പോലീസ് നടപടി ഉണ്ടാകാറുണ്ടെങ്കിലും പൂര്‍ണമായും ഫലം കാണുന്നില്ല. പോലീസ് നടപടിക്ക് വിധേയരായ ചില്ലറ വില്‍പ്പനക്കാര്‍ ശിക്ഷാ കാലാവധിക്കു ശേഷം വീണ്ടും കഞ്ചാവ് വില്‍പ്പനയിലേക്ക് തിരിയുകയാണ്.
വലിയ റാക്കറ്റായി തീരദേശത്തെ മയക്കുമരുന്ന് വ്യാപാരം തഴച്ചുവളര്‍ന്ന സഹാചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. മയക്കുമരുന്ന് വില്‍പ്പനക്കെതിരെ അതാത് പ്രദേശങ്ങളില്‍ ജനകീയ സമിതികള്‍ രൂപപ്പെടണമെന്നും ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: