ന്യൂദല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടി വന്ന സുരക്ഷ വീഴ്ചയില്‍ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം അതീവ ഗുരുതരവും ആശങ്കാജനകവുമാണെന്ന് രാഷ്ട്രപതി പ്രതികരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, രാഷ്ട്രപതിയുടെ പ്രതികരണത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി അദ്ദേഹത്തെ രാഷ്ട്രപതി ഭവനിലെത്തി സന്ദര്‍ശിച്ചു. പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ സംഘട്ടനത്തിന് വഴിയൊരുക്കിയ സംഭവമായി സുരക്ഷ വീഴ്ച മാറുകയാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സുരക്ഷാവീഴ്ച നേരിടേണ്ടി വരുന്നത് അതീവ ഗുരുതമായ സ്ഥിതിയാണെന്നും ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കാനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹര്‍ജി നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടാക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ റോഡില്‍ കുടുങ്ങിക്കിടക്കാന്‍ അനുവദിച്ചത് പഞ്ചാബ് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ഇത് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന് മനീന്ദര്‍ സിങ് ഹര്‍ജി നല്‍കിയത്.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: