കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളുടെ നിയമനത്തിനെതിരെ സര്‍വ്വകലാശാല സെനറ്റംഗം വി.വിജയകുമാര്‍ നല്കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും ശിപാര്‍ശ ചെയ്യുന്നത് ചാന്‍സലറാണെന്നും ഇതനുസരിച്ച് നിയമനം നടത്താനുള്ള അധികാരം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനാണെന്നും ഗവര്‍ണര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം മറികടന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നിയമിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സര്‍വ്വകലാശാല ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് നിയമനം നടത്തിയിരിക്കുന്നത്. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്നവരെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സിന്‍ഡിക്കേറ്റ് നിയമിക്കേണ്ടതെന്ന വ്യവസ്ഥയടക്കം പാലിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഇറക്കിയ ഉത്തരവ് പ്രാഥമികമായി പരിഗണിക്കുമ്പോള്‍ 96 ലെയും 98 ലെയും സര്‍വ്വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.
ചട്ടലംഘനം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് രജിസ്ട്രാര്‍ മുഖേന പ്രത്യേക ദൂതന് വഴി നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ജനുവരി 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: