ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 90928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 325 പേര് വൈറസ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2630 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 797 രോഗികളാണ് ഉള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ദല്‍ഹിയാണ്. ഇവിടെ 465 പേര് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 234 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നതിനുള്പ്പടെ നിയന്ത്രണം കൊണ്ടുവരാനും വാക്സിനേഷന് വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയാകും. മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടിയ ശേഷമേ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീന് സാങ്കേതിക ഉപദേശകസമിതി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കോവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും കോവിഡ് വാക്സിന് സാങ്കേതിക ഉപദേശകസമിതി ചെയര്മാന് ഡോ. എന്‍.കെ. അറോറ കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്തെ പുതിയ കേസുകളിലെ 50 ശതമാനവും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: