കണ്ണൂര്‍: പ്രസംഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരാമര്‍ശം നടത്തിയതില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്സന് തില്ലങ്കേരിക്കെതിരെ കേസ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. പരിപാടിയില്‍ പങ്കെടുത്ത 200 ല്‍ അധികം പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കണ്ണൂരിലെ പൊതുപരിപാടിയില്‍ എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കുക തുടങ്ങി വകുപ്പുകള്‍ ചുമത്തി യാണ് കേസെടുത്തിരിക്കുന്നത്.
ഭീകരതയ്ക്കും ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരിനും താക്കീതായി സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആയിരക്കണക്കിന് ആളുകളാണ് ഓരോ പ്രദേശത്തും അണിനിരന്നത്. രണ്‍ജീത് ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും നന്ദുകൃഷ്ണയുടെയും ബിജുവിന്റെയുമടക്കമുള്ള ബലിദാനങ്ങളിലെ ജനവികാരം കൂടിയായി പ്രകടനങ്ങള്‍.
പോലീസിന്റെയും തീവ്രവാദ സംഘടനകളുടെയും ഇടതുമാധ്യമങ്ങളുടെയും കുപ്രചാരണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സ്ത്രീകളടക്കമുള്ള ജനങ്ങള്‍ കൂട്ടത്തോടെ ഭീകരതയ്ക്കെതിരേ അണിനിരന്നു. ഭീകര സംഘടനകളുടെ കേന്ദ്രങ്ങളെന്ന് പോലീസ് മുദ്ര ചാര്‍ത്തിക്കൊടുത്ത ഇടങ്ങളിലും കാവിക്കൊടിയേന്തി പ്രകടനങ്ങള്‍ നടന്നു.
സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ തുടരുന്ന ഭീകരാക്രമണങ്ങളോടുള്ള ജനങ്ങളുടെ അസഹനീയതയുടെ സ്വാഭാവിക പ്രതികരണത്തിനാണ് ഇന്നലെ കേരളത്തിലെ നഗര, ഗ്രാമകേന്ദ്രങ്ങള്‍ സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്ത് വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മതഭീകര സംഘടനകള്‍ കലാപത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാപകമായ ജനകീയ പ്രതികരണങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാനത്താകെ 250 കേന്ദ്രങ്ങളിലായിരുന്നു പ്രകടനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: