മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – തെങ്കര പട്ടികജാതി കോളനികളില്‍ നടന്നത് വന്‍ ഭൂമാഫിയ പ്രവര്‍ത്തനമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുമെന്നും, പട്ടികജാതി കമ്മീഷന് വ്യക്തമാക്കി. പട്ടികജാതി കമ്മീഷന് ചെയര്‍മാനും അംഗങ്ങളും കഴിഞ്ഞദിവംസ കോളനി സന്ദര്‍ശിച്ച ശേഷമായിരുന്നു ഇക്കാര്യം പറഞ്ഞത്.
ഗ്രാമപഞ്ചായത്തിലെ കൊറ്റിയോട്, ആമ്പാടം, കുട്ടിച്ചാത്തന് പള്ളിയാല്‍ കോളനിയിലുള്ള 45 ഓളം പട്ടികജാതി വിഭാഗക്കാരുടെ വീടുകള്‍ക്ക് ഇതുവരെയും കെട്ടിട നമ്പര്‍, കൈവശാവകാശ രേഖ തുടങ്ങിയവ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. കോളനിയിലെ 16 പേര് നല്കിയ പരാതിയിലാണ് പട്ടികജാതി കമ്മീഷന് ചെയര്മാന് ഉള്‍പ്പെടെയുള്ള സംഘം മൂന്ന് കോളനിയിലും നേരിട്ടെത്തിയത്. തുടര്‍ന്ന് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.
വന്‍ ഭൂമാഫിയ പ്രവര്‍ത്തനമാണ് കോളനിക്കാര്‍ക്ക് സ്ഥലം വാങ്ങിച്ചു നല്കിയ ഇടപാടില്‍ ഉണ്ടായിരിക്കുന്നതെന്നും, പട്ടികജാതി വിഭാഗത്തിന്റെ അവകാശം ഇവിടെ ഹനിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ടീയ പ്രതിനിധികള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്കെതിരെ എസ്സി – എസ്ടി ആക്ട്, അട്രോസിറ്റി ആക്ട് പ്രകാരവും കേസെടുക്കുമെന്ന് പട്ടികജാതി കമ്മീഷന് അംഗം എസ്. അജയകുമാര്‍ ‘ജന്മഭൂമി’യോടുപറഞ്ഞു. മാത്രമല്ല, ക്ഷേത്രഭൂമി അടക്കം പതിച്ചുനല്കിയെന്ന് കണ്ടെത്തിയതായി പറഞ്ഞു.
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, ഡപ്യൂട്ടി കളക്ടര്‍ അബ്ബാസ്, അഡ്വ: സൗമ്യ സോമന്, സുരേന്ദ്രന്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ എസ്. ബിജു, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍.ജി. മജു, കെ. രാമന്‍കുട്ടി, തെങ്കര വില്ലേജ് ഓഫീസര്‍ പി. അബ്ദുള്‍ സലിം എന്നിവരടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
തെങ്കര പഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അര്ഹതപ്പെട്ടവരായി തെരഞ്ഞെടുത്തതിനുശേഷമാണ് മൂന്ന് കോളനിയിലെ 45 ഓളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിച്ചത്. ഇതില്‍ ചിലര്‍ക്ക് വീട് ലഭിച്ചിട്ട് എട്ടുവര്‍ഷമായി. മറ്റുള്ളവര്‍ക്ക് നാലും അഞ്ചും വര്‍ഷമായി സ്ഥലവും വീടും ലഭിച്ചിട്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ദിര ആവാസ് യോജന പദ്ധതി, ഇ എം എസ് ഭവനപദ്ധതി, ലൈഫ് മിഷന് പദ്ധതി, റീബില്‍ഡ് കേരള പദ്ധതി, പിഎംഎവൈ പദ്ധതി എന്നിവയിലൂടെയാണ് വീടും സ്ഥലവും ലഭിച്ചത്. പഞ്ചായത്തിന്റെ ഉപഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് ഈ വീടുകള്‍ക്ക് വീട്ടുനമ്പറും കൈവശാവകാശ രേഖയും നല്കാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ക്കും ജില്ലാപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോളനിയിലെ 16 കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി കമ്മീഷന്റെ നേരിട്ടുള്ള ഇടപെടല്‍.
പട്ടികജാതി കമ്മീഷന് നേരിട്ട് ഇടപെട്ടതോടെ 45 കുടുംബങ്ങളും തങ്ങളുടെ കിടപ്പാടത്തിന് ശരിയായ രേഖ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കോളനിക്കാരുടെ ഭൂമി വാങ്ങിയതില്‍ ഇടനിലക്കാര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരനും മുന്‍ വാര്‍ഡംഗവുമായ കോല്‍പ്പാടം കൂരികണ്ടത്തില്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ റവന്യൂ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിനും വീഴ്ചകള്‍ സംഭവിച്ചതായി കാണുന്നുണ്ടെന്ന് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞിരുന്നു. അതിനാല്‍ ഇടനിലക്കാരന് രാധാകൃഷ്ണനെ മാത്രം അറസ്റ്റ് ചെയ്തതുകൊണ്ട് ഈ കേസ് അവസാനിക്കില്ല. കോളനികളില്‍ നേരിട്ടെത്തി പരാതികള്‍ എല്ലാം സ്വീകരിച്ച് ഒരുമിച്ചുള്ള കേസാക്കി മാറ്റി സമഗ്ര അന്വേഷണമാണ് നടക്കുകയെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു.
തെങ്കരയില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം തെങ്കരയിലെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കണ്ടെത്തിയിരുന്നു. ഇവര്‍ താമസിക്കുന്ന ഭൂമിയുടെ ഇടപാടില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട് ്. ഇടനിലക്കാരും മറ്റുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. പലിശ ഇടപാട് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: