ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ടുകാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയെന്നു വ്യക്തമായി. രണ്ടു മാസത്തിനിടെ മൂന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് മതതീവ്രവാദികള്‍ അരുംകൊല ചെയ്തത്. ഒടുവിലേത്തേതാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റേത്.
രണ്‍ജീത്തിന്റെ കൊലയാളികള്‍ ഉപയോഗിച്ച വ്യാജ സിമ്മുകള്‍ ആഗസ്ത് മാസത്തില്‍ സംഘടിപ്പിച്ചതാണ്. രണ്‍ജീത് കൊല്ലപ്പെടുന്നതാകട്ടെ ഡിസംബര്‍ 19ന് രാവിലെ 6.30നും, അതായത് ആലപ്പുഴ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കളെ അപായപ്പെടുത്താന്‍ മാസങ്ങള്‍ മുമ്പ് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര് തയ്യാറെടുപ്പ് തുടങ്ങി. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് രണ്‍ജീത്തിന്റെ കൊലപാതകം എന്ന പ്രചാരണത്തിന് വസ്തുതയുമായി ബന്ധമില്ലെന്ന് വ്യക്തമാകുകയാണ്.
കൊലയാളി സംഘത്തിന് വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് അവരറിയാതെ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത് പോപ്പുലര്‍ഫ്രണ്ട് നേതാവായ പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശി മുഹമ്മദ് ബാദുഷയാണ്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. പുന്നപ്ര കളിതട്ടിനു സമീപം ഇയാളുടെ ബി& ബി മൊബൈല്‍ ഷോപ്പില്‍ സിം എടുക്കാന്‍ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സ്വദേശിനി വീട്ടമ്മ നല്കിയ ആധാര്‍ രേഖകള്‍ ഉപയോഗിച്ചാണ് വ്യാജ സിമ്മുകള്‍ സംഘടിപ്പിച്ചത്.
പിന്നീട് ഇവ പന്ത്രണ്ടാം വാര്‍ഡ് മെമ്പറും എസ്ഡിപിഐക്കാരനുമായ സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് കൈമാറിയത്. സുള്‍ഫിക്കര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പുന്നപ്ര പോലീസ് പറയുന്നത്. വീട്ടമ്മയുടെ പേരില്‍ വ്യാജമായി സംഘടിപ്പിച്ച സിമ്മുകള്‍ ഉപയോഗിച്ച് മതഭീകരവാദികള്‍ നടത്തിയ ഫോണ്‍ വിളികളും, ഓണ്‍ലൈന്‍ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും സിംകാര്‍ഡുകള്‍ക്കായി രേഖകള്‍ നല്കിയ നിരവധി പേരുടെ പേരില്‍ ഇത്തരത്തില്‍ മതതീവ്രവാദികള്‍ വ്യാജസിം കാര്‍ഡുകള്‍ തരപ്പെടുത്തിയതായി വിവരമുണ്ട്.
രണ്‍ജീത് കൊലക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി നേരത്തെ എഡിജിപിമാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വ്യാജ സിമ്മുകള്‍ കൊലയാളി സംഘങ്ങള്‍ ഉപയോഗിച്ചതാണ് പോലീസിനെ വെട്ടിലാക്കിയത്. പോലീസിന്റെ പതിവ് അന്വേഷണ രീതികളെ മറികടക്കാന്‍ മതഭീകരവാദികള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന സാഹചര്യത്തില്‍ മൊബൈല്‍ഫോണ്‍ ഷോപ്പുകളുടെയും സിം കാര്‍ഡുകള്‍ നല്കുന്ന കടകളുടെയും പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: