കൊല്ലം: ക്ഷേത്രത്തിലെ ഉച്ചഭാഷിണി പൂട്ടി താക്കോല്‍ കൈക്കലാക്കി ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ക്ഷേത്രത്തിലെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ പോലീസിന്റെ പരിഗണനയിലിരിക്കെയാണ് ഉച്ചഭാഷിണി സൂക്ഷിക്കുന്ന സ്ഥലം പൂട്ടി പോലീസ് താക്കോല്‍ കൈക്കലാക്കിയത്.
ക്ഷേത്രത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്. കൊച്ചു കൂനമ്പായികുളം ദുര്‍ഗ്ഗാദേവി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിക്രമന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന് സെക്രട്ടറിയായിട്ടുള്ള ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്നും ശബ്ദമലിനീകരണമുണ്ടാകുന്നതായി ആരോപിച്ച് സമീപവാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ശബ്ദ മലിനീകരണ വിഷയത്തില്‍ നിയമപരമായി സമീപിക്കേണ്ട അധികാരിയെ പരാതിക്കാരന് സമീപിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: