അമ്പലപ്പുഴ: പോലീസിന്റെ മര്‍ദനത്തിനരയായ യുവാവ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകശ് ബാബുവിന്റെ മകന് അമല്‍ബാബുവാണ് പുന്നപ്ര പോലീസിനെതിരെ പരാതി നല്‍കിയത്. ലാത്തിയുടെ അടിയേറ്റ അമല്‍ബാബു ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 31 നാണ് സംഭവം നടന്നത്.
രാത്രി 9.30 ഓടെ സഹോദരിയുമൊത്ത് പുന്നപ്രയിലേക്ക് വണ്ടാനം പടിഞ്ഞാറുള്ള റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പോലീസ് കൈകാണിച്ചു. എന്നാല്‍ നിര്‍ത്താതെ പോയി. സഹോദരിയെ ഭര്‍തൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോഴും പോലീസ് കൈകാണിച്ചു. നിര്‍ത്താതെ പോയപ്പോള്‍ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച അമല്‍ബാബുവിനെ ലാത്തികൊണ്ട് അടിച്ചു. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്കാന് പോലീസ് തയ്യാറായില്ലെന്നും അമല്‍ബാബു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തതിന് ശേഷം അമല്‍ബാബുവിനെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി കൂടിയായ അമല്‍ബാബുവിന് ജോലിക്ക് പോകാനും കഴിയാതെയായി. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തന്നെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലെയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി അമല്‍ ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: