അമ്പലപ്പുഴ: അകാരണമായി രണ്ടു ദിവസം പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ ഇരുത്തി എന്നാരോപിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വൃക്ഷ വിലാസം തോപ്പില്‍ അനന്തു അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാറിന് പരാതി നല്കി. 31 ന് രാത്രി വണ്ടാനം മെഡിക്കല്‍ കോളേജിലെ പുതുവത്സര ആഘോഷങ്ങള്‍ കണ്ടിരിക്കെ പുന്നപ്ര പൊലീസ് തന്നെ ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയും രണ്ടാം തീയതി വരെ സ്റ്റേഷനില്‍ ഇരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭത്തെക്കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ സ്റ്റേഷനില്‍ എത്തിയ തന്റെ കയ്യില്‍ നിന്നും പോലീസുകാര്‍ ഫോണ്‍ വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സുഹൃത്ത് ബിലാല്‍ ഫോണ്‍ ചെയ്തു. പോലീസുകാര്‍ ഫോണ്‍ അറ്റന്റു ചെയ്തപ്പോള്‍ സുഹൃത്ത് അസഭ്യം പറഞ്ഞെന്നും അവനെ ഉടന്‍ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തണമെന്നും പറഞ്ഞു. മാതാപിതാക്കള്‍ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവരോടും സുഹൃത്ത് ബിലാലിനെ എത്തിച്ചാല്‍ അനന്തുവിനെ വിടാമെന്ന് പോലീസ് അറിയിച്ചു. ഒന്നാം തീയതി രാത്രി രണ്ടു പൊലീസുകാര്‍ അനന്തുവിനെ ജീപ്പില്‍ കയറ്റി ബിലാലിന്റെ വീട്ടില്‍ എത്തി.
ബിലാല്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അച്ഛനോട് മകന് വന്നാലുടന്‍ മകനേയും കൂട്ടി സ്റ്റേഷനില്‍ എത്തണമെന്നറിയിച്ചിട്ട് തിരിച്ച് വീണ്ടും സ്റ്റേഷനില്‍ എത്തി. രണ്ടിന് രാവിലെ ബിലാലിനെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിക്കുകയും സിഐയുമായി സംസാരിച്ച ശേഷം അവരെ പറഞ്ഞു വിട്ടു. പിന്നീട് രണ്ടു ജാമ്യക്കാരുമായി വന്നാല്‍ അനന്തുവിനെ വിടാമെന്ന് ബന്ധുക്കളെ അറിയിച്ചു.ബന്ധുക്കളെത്തി ജാമ്യത്തില്‍ അനന്തുവിനെ വിടുകയുമായിരുന്നു. ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്ത തന്നെ 31 ന് രാത്രി സ്റ്റേഷനില്‍ കൊണ്ടുവന്നിട്ട് ജനുവരി രണ്ടിന് പകലണ് വിട്ടതെന്നും, അകാരണമായി സ്റ്റേഷനില്‍ ഇരുത്തുകയുമായിരുന്നെന്നു കാട്ടിയാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: